യുഎഇയിൽ കുട്ടികൾക്ക് സമൂഹമാധ്യമ വിലക്ക്: പ്രായം പരിശോധിക്കാൻ എഐയും ബയോമെട്രിക്കും

 

 

യുഎഇയിൽ 15 വയസിന് താഴെയുള്ള കുട്ടികൾ സമൂഹമാധ്യമം ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം നടപ്പാക്കാൻ പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് 12 മാസം വരെ സമയം അനുവദിച്ച് അധികൃതർ. ടിക് ടോക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ഫേസ്ബുക്ക്, എക്സ് (ട്വിറ്റർ) തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾ അവയുടെ പ്രവർത്തനരീതി പരിഷ്കരിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത ഭരണപരമായ നടപടികളും നിയന്ത്രണങ്ങളും നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പ്രായം കൃത്യമായി പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക, പരസ്യങ്ങൾ കുട്ടികളെ ലക്ഷ്യമിട്ടുള്ളതാക്കുന്നത് ഒഴിവാക്കുക തുടങ്ങി കർശനമായ നിബന്ധനകളാണ് യുഎഇ സർക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്.കുട്ടികൾ നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിച്ച് അക്കൗണ്ട് നൽകുന്ന രീതി ഇനി അനുവദിക്കില്ല. കൃത്യമായ പ്രായം തിരിച്ചറിയാൻ സർക്കാർ ഡിജിറ്റൽ ഐഡന്റിറ്റി, ബയോമെട്രിക് പരിശോധന അല്ലെങ്കിൽ നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ എന്നിവയിലൊന്ന് സമൂഹമാധ്യമ കമ്പനികൾ ഉപയോഗിക്കണം. 15 വയസിന് താഴെയുള്ളവർ അക്കൗണ്ട് നിർമിക്കുന്നത് തടയുകയും പ്രായപരിധി മറികടക്കാൻ നടത്തുന്ന ശ്രമങ്ങൾ കണ്ടെത്തുകയും വേണം. 15 മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്കായി സ്ക്രീൻ ടൈം പരിധി നിശ്ചയിക്കാനും അപരിചിതരുമായുള്ള സമ്പർക്കം നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങൾ ഒരുക്കണം.