സൈന്യത്തിന്റെ പോരാട്ടവീര്യത്തെയും ജനതയുടെ ഐക്യത്തെയും പ്രശംസിച്ച് യുഎഇ മന്ത്രിസഭ

 
രാജ്യം നേരിടുന്ന അസാധാരണ സാഹചര്യങ്ങളിൽ യുഎഇ സായുധ സേന കാഴ്ചവയ്ക്കുന്ന വീരോചിതമായ പ്രതിരോധത്തെയും പൗരന്മാരും പ്രവാസികളും പ്രകടിപ്പിക്കുന്ന അചഞ്ചലമായ ഐക്യത്തെയും യുഎഇ മന്ത്രിസഭ അഭിനന്ദിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രാജ്യത്തിന്റെ സുരക്ഷാ സജ്ജീകരണങ്ങളിൽ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തിയത്. സായുധ സേനയുടെ പ്രഫഷനലിസവും പൊതു-സ്വകാര്യ മേഖലകളിലെ പ്രവർത്തനക്ഷമതയും രാജ്യത്തെ ഏത് വെല്ലുവിളിയെയും നേരിടാൻ പ്രാപ്തമാക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് കീഴിൽ രാജ്യം കൂടുതൽ കരുത്തോടെ മുന്നേറും. ദേശീയ നേട്ടങ്ങൾ സംരക്ഷിക്കുമെന്നും സാധാരണ ജീവിതം വേഗത്തിൽ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.