സുഡാൻ ആഭ്യന്തരയുദ്ധത്തിൽ പങ്കില്ലെന്ന് യുഎഇ

 

 

സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽ തങ്ങൾക്ക് യാതൊരുവിധ പങ്കുമില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ (യുഎൻ) യുഎഇ മിഷൻ വ്യക്‌തമാക്കി. വിഷയത്തിൽ യുഎൻ രാജ്യാന്തര ഫാക്ട് ഫൈൻഡിങ് മിഷൻ (എഫ്എഫ്എം) നൽകിയ റിപ്പോർട്ടിന് മറുപടിയായാണ് യുഎഇ തങ്ങളുടെ നിലപാട് ആവർത്തിച്ചത്. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ എഫ്എഫ്എമ്മുമായി സുതാര്യമായ രീതിയിലാണ് സഹകരിച്ചതെന്നും തങ്ങളുടെ ഭാഗം വിശദീകരിച്ച് വാക്കാലുള്ളതും എഴുതി തയാറാക്കിയതുമായ മറുപടികൾ നൽകിയിട്ടുണ്ടെന്നും യുഎഇ അറിയിച്ചു2023 ഏപ്രിലിൽ സംഘർഷം ആരംഭിച്ചത് മുതൽ സുഡാനിലെ ഒരു വിഭാഗത്തിനും ആയുധങ്ങളോ സൈനിക സാമഗ്രികളോ നൽകിയിട്ടില്ലെന്ന് യുഎഇ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. സുഡാനീസ് ആംഡ് ഫോഴ്സും (എസ്എഎഫ്) റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) നടത്തുന്ന രാജ്യാന്തര മനുഷ്യാവകാശ ലംഘനങ്ങളെയും അക്രമങ്ങളെയും യുഎഇ ശക്തമായി അപലപിച്ചു.

വസ്തുതാപരവും നിഷ്പക്ഷവുമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം സുഡാൻ വിഷയത്തിലെ ആരോപണങ്ങൾ വിലയിരുത്തേണ്ടതെന്ന് യുഎഇ ആവശ്യപ്പെട്ടു. കൃത്യമായി സ്ഥിരീകരിച്ച വിവരങ്ങൾ മാത്രമായിരിക്കണം റിപ്പോർട്ടുകൾക്ക് അടിസ്ഥാനമാക്കേണ്ടത്. യുഎൻ രക്ഷാസമിതി ഏർപ്പെടുത്തിയ ഉപരോധങ്ങളും ചട്ടങ്ങളും പാലിക്കാൻ യുഎഇ ബാധ്യസ്ഥരാണ്. സുഡാനിലേക്ക് ആയുധങ്ങൾ എത്തിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരണമെന്നും പോരാട്ടം നടത്തുന്ന വിഭാഗങ്ങൾക്ക് വിദേശത്തുനിന്ന് ലഭിക്കുന്ന എല്ലാവിധ സൈനിക സഹായങ്ങളും അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.