റോഡ് സുരക്ഷാ നടപടികൾ ഊർജിതമാക്കി യുഎഇ
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടു രാജ്യമെങ്ങും റോഡ് സുരക്ഷാ നടപടികൾ ഊർജിതമാക്കി. ഇന്ന് അപകടരഹിത ദിവസമായി ആചരിക്കും. അപകടമുണ്ടാക്കാതെ വാഹനമോടിക്കുന്നവർക്ക് ബ്ലാക്ക് പോയിന്റ് ഉണ്ടെങ്കിൽ ഇളവു നൽകും.സ്കൂളുകളിൽ കുട്ടികളുമായി നേരിട്ടെത്തുന്ന രക്ഷിതാക്കൾ ട്രാഫിക് നിയമം കർശനമായി പാലിക്കണം. രാവിലെയും വൈകിട്ടും സ്കൂൾ പരിസരങ്ങളിൽ വലിയ തിരക്കുണ്ടാകും. അതിനാൽ അവസാന നിമിഷത്തെ തിക്കിത്തിരക്ക് ഒഴിവാക്കാൻ രക്ഷിതാക്കൾ നേരത്തെ ഇറങ്ങണം.
ബസുകൾ സ്റ്റോപ് ബോർഡുകൾ നിവർത്തിയാൽ, പിന്നിലുള്ള വാഹനങ്ങൾ നിർത്തണം. ബസുകൾ നിർത്തിയിട്ടതിനു സമീപത്ത് നിന്നു കുട്ടികൾ ഏതു നിമിഷവും റോഡ് ക്രോസ് ചെയ്യാം. ബസിലെ സ്റ്റോപ് സിഗ്നൽ മാറ്റാതെ വാഹനങ്ങൾ മുന്നോട്ടു നീങ്ങരുതെന്ന് ദുബായ് പൊലീസ് നിർദേശിച്ചു. സ്റ്റോപ് ബോർഡ് മറികടന്നാൽ 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
സ്കൂൾ പരിസരത്ത് വേഗം വർധിപ്പിക്കരുത്. സ്കൂൾ പരിസരങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള വേഗ പരിധി കർശനമായി പാലിക്കണം. റോഡിൽ തിരക്കില്ലെങ്കിലും നിയമം പാലിക്കണം. വേഗ പരിധി ലംഘിച്ചാൽ 300 മുതൽ 3000 ദിർഹം വരെ പിഴ ലഭിക്കാം. സ്കൂൾ പരിസരത്ത് വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ നോക്കുകയോ കോളുകൾ സ്വീകരിക്കുകയോ ചെയ്യരുത്. ഫോൺ ഉപയോഗത്തിന് 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കും.