ലഹരിമരുന്നുകൾക്കെതിരെ യുഎഇയുടെ കടുത്ത മുന്നറിയിപ്പ്
സിന്തറ്റിക് ലഹരിമരുന്ന് ആദ്യ ഉപയോഗത്തിൽതന്നെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും കാരണമാകാമെന്ന് യുഎഇ മുന്നറിയിപ്പ് നൽകി. ഓരോ ബാച്ചിലെയും രാസഘടനയും വീര്യവും വ്യത്യസ്തമാണെന്നതിനാൽ ഇവ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്നു പ്രവചിക്കാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി.നാഷനൽ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അതോറിറ്റിയും യുഎഇ ഗവൺമെന്റ് മീഡിയ ഓഫിസും ചേർന്ന് നടത്തുന്ന ദേശീയ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാംപെയ്നിലാണു മുന്നറിയിപ്പ് നൽകിയത്.
തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്ന ഇവ അമിതമായി അകത്തുചെന്നാൽ ജീവഹാനിക്കു കാരണമാകുമെന്നും പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും മറ്റും കൗമാരക്കാരിലും യുവാക്കളിലും ലഹരിക്കെതിരായ പ്രതിരോധശേഷി വളർത്തുകയാണു ക്യാംപെയ്നിന്റെ ലക്ഷ്യം.
‘ഒറ്റത്തവണ പരീക്ഷിച്ചാൽ കുഴപ്പമില്ല, പഠനത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കും, ഊർജം വർധിക്കും’ തുടങ്ങിയ വ്യാജ പ്രചാരണങ്ങളിലൂടെയാണ് ലഹരി മാഫിയ യുവാക്കളെ കുടുക്കുന്നത്. ഇത്തരം ലഹരിവസ്തുക്കൾ മനോനില വരെ തകരാറിലാക്കാം, വിഷാദം, ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കു കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. കുട്ടികളിലും യുവാക്കളിലും പെട്ടെന്നുള്ള സ്വഭാവമാറ്റം, അസാധാരണ ഉറക്കക്കുറവ്, അകാരണ ദേഷ്യം, സാമൂഹിക അകലം പാലിക്കൽ, പെട്ടെന്നുള്ള ഭാരക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു.