തീ കെടുത്താൻ ജെറ്റ് ഫയർ ഡ്രോൺ പുറത്തിറക്കി യുഎഇ
ദുരന്ത മേഖലകളിൽ പറന്നെത്തി തീ കെടുത്തുന്ന ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർഫൈറ്റിങ് ഡ്രോൺ (സുഹൈൽ) യുഎഇ പുറത്തിറക്കി. ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന എക്‌സ്‌പോ 2025ലാണ് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ഡ്രോൺ പുറത്തിറക്കിയത്. മനുഷ്യർക്ക് എത്തിച്ചേരാനാരാത്ത ഇടങ്ങളിൽ കുതിച്ചെത്തി തീ കെടുത്താൻ സാധിക്കുംവിധം അത്യാധുനിക സംവിധാനങ്ങളോടെയാണ് സുഹൈലിന്റെ രൂപകൽപന.
ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് നവീന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ അബുദാബിയുടെ മികവിനു ഉദാഹരണമാണ് സുഹൈൽ ഡ്രോൺ. ജെറ്റ് പ്രൊപ്പൽഷൻ എൻജിൻ, സംയോജിത സ്മാർട്ട് സംവിധാനം, വെർട്ടിക്കൽ ടേക്ക് ഓഫ്, സാഹചര്യത്തിന് അനുസൃതമായി പ്രവർത്തിക്കാനുള്ള കഴിവ്, അടിയന്തര ഘട്ടങ്ങളിലെ ഉയർന്ന പ്രകടനം എന്നിവയാണ് സുഹൈലിന്റെ സവിശേഷത. നൂതന സാങ്കേതിക വിദ്യയ്‌ക്കൊപ്പം ത്രിമാന ചിത്രങ്ങൾ പകർത്താവുന്ന ത്രീഡി സ്‌കാനിങ്, സെൻസർ, അത്യാധുനിക ക്യാമറകൾ എന്നിവയിലൂടെ ദുരന്ത മേഖലയിലെ അവസ്ഥകൾ മനസ്സിലാക്കി പ്രവർത്തിക്കാൻ സുഹൈലിന് കഴിയും.