ഭിന്നശേഷി വിദ്യാർത്ഥികളുടെ പരീക്ഷകൾക്ക് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം

 

 

സർക്കാർ സ്കൂളുകളിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ (സ്റ്റുഡന്റ്സ് ഓഫ് ഡിറ്റർമിനേഷൻ) പരീക്ഷാ നടത്തിപ്പും ചോദ്യപ്പേപ്പർ നിർമ്മാണവും കൂടുതൽ സുതാര്യവും ഫലപ്രദവുമാക്കുന്നതിനായി യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാർഗ്ഗരേഖ പുറത്തിറക്കി. വിദ്യാർത്ഥികളുടെ വ്യക്തിഗത പഠന ആവശ്യങ്ങൾ പരിഗണിക്കുന്നതിനൊപ്പം പരീക്ഷകളിൽ തുല്യതയും കൃത്യതയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആറ് പ്രധാന നിയന്ത്രണങ്ങളും ഏഴ് അടിസ്ഥാന മാനദണ്ഡങ്ങളും ഉൾപ്പെടുന്നതാണ് പുതിയ പരീക്ഷാ ചട്ടക്കൂട്.

വിദ്യാർത്ഥികളുടെ പഠനനിലവാരത്തിലും പാഠ്യപദ്ധതിയിലും മാറ്റങ്ങൾ വരുത്തി തയ്യാറാക്കിയിട്ടുള്ള 'വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി' (IEP - Individual Education Plan) നിലവിലുള്ള കുട്ടികൾക്കാണ് ഈ പുതിയ ചട്ടങ്ങൾ ബാധകമാകുക.

പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ:

വ്യക്തിഗത മൂല്യനിർണ്ണയം: പരീക്ഷകൾ കേന്ദ്രീകൃത മൂല്യനിർണ്ണയ പ്രക്രിയയുടെ ഭാഗമായി സ്കൂളുകളിൽ തന്നെയായിരിക്കും നടക്കുക. വിദ്യാർത്ഥികളുടെ പ്രത്യേക കഴിവുകൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി, അതത് ടേമുകളിൽ അവർ ആർജ്ജിച്ച അറിവും നൈപുണ്യവും അളക്കുന്ന രീതിയിലായിരിക്കണം ചോദ്യപ്പേപ്പറുകൾ തയ്യാറാക്കേണ്ടത്.

അധ്യാപകരുടെ പങ്കാളിത്തം: വിദ്യാർത്ഥിയുടെ 'വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി' (IEP) തയ്യാറാക്കുന്നതിൽ പങ്കാളികളായ വിഷയ അധ്യാപകരും സ്പെഷ്യൽ എഡ്യൂക്കേഷൻ അധ്യാപകരും സംയുക്തമായാണ് വാർഷിക പരീക്ഷകൾ ഉൾപ്പെടെയുള്ള ചോദ്യപ്പേപ്പറുകൾ തയ്യാറാക്കേണ്ടത്.

പരിശോധനയും മേൽനോട്ടവും: കുട്ടിയുടെ വൈകല്യത്തിന്റെ തീവ്രതയും വിദ്യാഭ്യാസ ലക്ഷ്യങ്ങളും പരിഗണിച്ച്, സ്കൂൾ സപ്പോർട്ട് ടീമുകളുടെ സഹകരണത്തോടെ സ്പെഷ്യൽ എഡ്യൂക്കേഷൻ വിദഗ്ദ്ധർ പരീക്ഷകളുടെ തയാറെടുപ്പുകൾക്കും നടത്തിപ്പിനും മേൽനോട്ടം വഹിക്കും.

ഓരോ വിദ്യാർത്ഥിയുടെയും പഠന നിലവാരത്തിന് അനുയോജ്യമായ രീതിയിൽ ചോദ്യങ്ങൾ ക്രമീകരിക്കുന്നു എന്ന് ഉറപ്പാക്കാൻ നിർദ്ദേശിച്ചിട്ടുള്ള ഏഴ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ അധ്യാപകർക്ക് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് തുല്യമായ അവസരങ്ങൾ ഉറപ്പാക്കാനും അവരുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ പിന്തുണയ്ക്കാനുമുള്ള യു.എ.ഇയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിഷ്കാരം.