യുഎഇ ദേശീയദിനാഘോഷം: ഒരുക്കങ്ങളുമായി ദുബായ്
യുഎഇയുടെ 55ാമത് ദേശീയദിനത്തിന്റെ ഭാഗമായി ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്ക് ദുബായിൽ വിപുലമായ ഒരുക്കം തുടങ്ങി. ഈ മാസം 26 മുതൽ ഡിസംബർ 6 വരെ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ദേശീയ, സാംസ്കാരിക,വിനോദ പരിപാടികൾ അരങ്ങേറും.നവംബർ 29ന് കൈറ്റ് ബീച്ചിനു മുകളിൽ അൽ ഫുർസാൻ വ്യോമപ്രദർശനവും നടത്തും. വൈകിട്ട് 4.15 മുതൽ 5.15 വരെയാണ് പരിപാടി. ബ്ലൂവാട്ടേഴ്സിൽ പരമ്പരാഗത അയാല, ഹർബിയ നൃത്തങ്ങളും അവതരിപ്പിക്കും.
ഡിസംബർ 2, 3 തീയതികളിൽ1,600 ഡ്രോണുകൾ അണിനിരക്കുന്ന ആകാശപ്രദർശനമാണ് പ്രധാന ആകർഷണം. ബ്ലൂവാട്ടേഴ്സ് ഐലൻഡിനും ദ് ബീച്ച് ജെബിആറിനും മുകളിലായി യുഎഇ പതാകയും ദേശീയ ചിഹ്നങ്ങളുമായി ഡ്രോണുകൾ ആകാശത്ത് തെളിയിക്കും. രണ്ടുദിവസവും രാത്രി 8നും 10നുമാണ് പ്രദർശനം.
∙ ബുർജ് ഖലീഫ
ബുർജ് ഖലീഫയിൽ ഡിസംബർ ഒന്നു മുതൽ 3 വരെ പ്രത്യേക ദൃശ്യാവിഷ്കാരമുണ്ടാകും. ദുബായ് ഫൗണ്ടനിലെ ഓരോ പ്രദർശനത്തിനു മുൻപും യുഎഇ പതാക തെളിയും. ഡിസംബർ 2ന് വൈകിട്ട് 6 മുതൽ 7 വരെ ദുബായ് ഫ്രെയിം ദേശീയപതാകയുടെ നിറങ്ങളണിയും. ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ ഫെസ്റ്റിവൽ ബേയിലും ഡിസംബർ ഒന്നു മുതൽ 4 വരെ പ്രത്യേക ദൃശ്യാവിഷ്കാരമുണ്ടാകും.