സൊമാലിയക്കെതിരെ പ്രതിഷേധവുമായി യുഎഇ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടെന്ന വാദം തള്ളി അൻവർ ഗർഗാഷ്
സൊമാലിയൻ സർക്കാരിന്റെ ശത്രുതാപരമായ നിലപാടുകളിലും പ്രകോപനപരമായ നീക്കങ്ങളിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യുഎഇ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെയും സഹകരണത്തെയും തകർക്കുന്നതാണ് സൊമാലിയയുടെ ഉത്തരവാദിത്തമില്ലാത്ത ഇത്തരം നിലപാടുകളെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.സൊമാലിയയിലെ ആഭ്യന്തര അധികാരത്തർക്കങ്ങളിലേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ വലിച്ചിഴയ്ക്കാനുള്ള സൊമാലിയൻ സർക്കാരിന്റെ ശ്രമങ്ങളിൽ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. ഇത് ഇരുരാജ്യങ്ങളിലെയും സഹോദരങ്ങളായ ജനങ്ങളുടെ താൽപര്യങ്ങളെ പ്രതികൂലമായി ബാധിക്കും. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന തീരുമാനങ്ങൾ സ്വാർഥ രാഷ്ട്രീയ താൽപര്യങ്ങൾക്കോ ആഭ്യന്തര തർക്കങ്ങൾക്കോ അപ്പുറം പൊതുവായ താൽപര്യങ്ങളെ മുൻനിർത്തിയായിരിക്കണം രൂപീകരിക്കേണ്ടതെന്ന് യുഎഇ ഓർമിപ്പിച്ചു.
സൊമാലിയൻ ജനതയോടും യുഎഇയിലുള്ള സൊമാലി സമൂഹത്തോടും സന്ദർശകരോടും തങ്ങൾക്കുള്ള ഉറച്ച സൗഹൃദത്തിൽ അഭിമാനിക്കുന്നുവെന്നും പരസ്പര താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായി തുടരുമെന്നും യുഎഇ വ്യക്തമാക്കി. സൊമാലിയൻ സർക്കാരിന്റെ വിരുദ്ധ നിലപാടുകളെയും ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകൾ റദ്ദാക്കിയ നടപടിയെയും തുടർന്ന് 2026 ജനുവരിയിൽ യുഎഇ മൊഗാദിഷുവിലെ എംബസി അടച്ചുപൂട്ടുകയും നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കുകയും ചെയ്തിരുന്നു.
സൊമാലിയയുടെ ആഭ്യന്തര കാര്യങ്ങളിൽ യുഎഇ ഇടപെടുന്നുവെന്ന സൊമാലിയൻ പ്രസിഡന്റ് ഹസൻ ഷെയ്ഖ് മഹ്മൂദിന്റെ ആരോപണങ്ങൾ യുഎഇ പ്രസിഡന്റിന്റെ ഉപദേശകനായ അൻവർ ഗർഗാഷും തള്ളി. സൊമാലിയയുടെ വിഷമഘട്ടങ്ങളിലെല്ലാം യുഎഇ ഒപ്പം നിന്നിട്ടുണ്ടെന്നും, ആഭ്യന്തര അധികാരവടംവലികൾ സൊമാലിയയെ പ്രാദേശിക തർക്കങ്ങളിലേക്ക് തള്ളിയിടുന്നത് ജനങ്ങളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇ വിമാനങ്ങൾക്ക് വ്യോമപാത വിലക്കിയതും സൈനിക താവളങ്ങൾ സ്ഥാപിച്ചെന്ന ആരോപണവും സൊമാലിയൻ പ്രസിഡന്റ് അടുത്തിടെ വീണ്ടും ഉന്നയിച്ചിരുന്നു.