സാമൂഹിക മാധ്യമങ്ങളിൽ ഉത്തരവാദിത്തം വേണമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

 

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ സാമൂഹിക മാധ്യമ ഉപയോക്താക്കൾക്ക് കർശന മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വിവരങ്ങൾ വളച്ചൊടിച്ചോ കൃത്രിമ ശബ്ദങ്ങൾ ചേർത്തോ പ്രചരിപ്പിക്കരുതെന്നും ഫെഡറൽ പ്രോസിക്യൂഷൻ ഫോർ കോംബാറ്റിങ് റൂമർസ് ആൻഡ് സൈബർക്രൈംസ് പ്രസിഡന്റ് അറ്റോർണി ജനറൽ ഖാലിദ് അൽ മദാനി വ്യക്തമാക്കി.വിവരങ്ങൾ പങ്കുവയ്ക്കുക എന്നത് ഒരു ഉത്തരവാദിത്തമാണ്. എന്നാൽ വ്യാജപ്രചാരണം ഒരു കുറ്റകൃത്യവും- അൽ മദാനി പറഞ്ഞു. ഔദ്യോഗിക പ്രസ്താവനകൾക്ക് വിരുദ്ധമായോ സ്ഥിരീകരിക്കാത്തതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിൽ വലിയ അപകടങ്ങൾ സൃഷ്ടിക്കും. റമസാൻ കാലത്ത് സമാധാനം കാത്തുസൂക്ഷിക്കുന്നതിന് ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

∙ജാഗ്രത പുലർത്തേണ്ട കാര്യങ്ങൾ
ഔദ്യോഗിക ഉറവിടങ്ങൾ മാത്രം: വാർത്തകൾക്കായി ഔദ്യോഗിക മാധ്യമങ്ങളെയും അധികൃതരെയും മാത്രം ആശ്രയിക്കുക.
കൃത്രിമം കാണിക്കരുത്: വാർത്തകളിലോ വീഡിയോകളിലോ ശബ്ദ ഇഫക്റ്ടുകൾ ചേർത്തോ അല്ലെങ്കിൽ ദൃശ്യങ്ങൾ മാറ്റം വരുത്തിയോ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.
വ്യാജ സന്ദേശങ്ങൾ: വിദേശ രാജ്യങ്ങളിൽ നടക്കുന്ന സംഭവങ്ങളെ യുഎഇയിൽ നടന്നതായി തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കും.

അസ്ഥിരമായ സാഹചര്യങ്ങളിൽ തെറ്റായ വിവരങ്ങളുടെ വ്യാപനം തടയുന്നത് പൊതുസുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി. മാധ്യമ ധാർമ്മികത പാലിച്ച് പ്രവർത്തിക്കണമെന്നും പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഒരു കാര്യവും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കരുതെന്നും ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകി. സമൂഹത്തിന്റെ സുരക്ഷിതത്വവും സ്ഥിരതയും നിലനിർത്താൻ ഓരോരുത്തരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.