അവയവദാനത്തിൽ റെക്കോർഡ് മുന്നേറ്റം, ജിസിസിൽ ഒന്നാം സ്ഥാനം നിലനിർത്തി യുഎഇ
യുഎഇയുടെ ദേശീയ അവയവ-കോശ ദാന, മാറ്റിവയ്ക്കൽ പദ്ധതിയായ ‘ഹയാത്തി’ൽ റജിസ്റ്റർ ചെയ്ത ദാതാക്കളുടെ എണ്ണം 39,000 കടന്നു. പദ്ധതി ആരംഭിച്ചതിന് ശേഷം ഇതുവരെ 1,195ലേറെ അവയവമാറ്റ ശസ്ത്രക്രിയകൾക്ക് ദാതാക്കളുടെ റജിസ്ട്രേഷൻ സഹായകമായതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.ലോക അവയവദാന ദിനത്തോടനുബന്ധിച്ച സന്ദേശത്തിലാണ് ആരോഗ്യമന്ത്രി അഹമ്മദ് അലി അൽ സായെഗ് പദ്ധതിയുടെ നേട്ടങ്ങൾ വിശദീകരിച്ചത്. നൂതന സാങ്കേതികവിദ്യയും സുസ്ഥിരതയും അടിസ്ഥാനമാക്കി ലോകോത്തര ആരോഗ്യസംവിധാനം കെട്ടിപ്പടുക്കാനുള്ള യുഎഇയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഹയാത്ത് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ദാതാക്കളുടെ എണ്ണത്തിലും അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണത്തിലുമുള്ള വളർച്ചയിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ യുഎഇ ഒന്നാം സ്ഥാനത്താണെന്നും മന്ത്രി വ്യക്തമാക്കി. അവയവദാന രംഗത്ത് ലോകത്ത് അതിവേഗം വളരുന്ന ആരോഗ്യപദ്ധതികളിലൊന്നായി ഹയാത്ത് മാറിയതായും അദ്ദേഹം പറഞ്ഞു.