ലൈസൻസില്ലാത്ത കമ്പനി: മുന്നറിയിപ്പുമായി യുഎഇ സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി
Feb 3, 2026, 12:57 IST
യുഎഇയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്റ്റാർ ലൈറ്റ് മാർക്കറ്റിങ് മാനേജ്‌മെന്റ് സർവീസസിനെതിരെ മുന്നറിയിപ്പുമായി യുഎഇ സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്.സി.എ). രാജ്യത്ത് സാമ്പത്തിക സേവനങ്ങളോ നിക്ഷേപ ഇടപാടുകളോ നടത്താൻ ആവശ്യമായ ലൈസൻസ് ഈ കമ്പനിക്കില്ലെന്നും വ്യക്തമാക്കുന്നു. ലൈസൻസില്ലാത്ത ഇത്തരം സ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാടുകൾ നടത്തരുതെന്ന് അധികൃതർ അറിയിച്ചു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കമ്പനികളുമായുള്ള ഇടപാടുകളിൽ പണം നഷ്ടപ്പെട്ടാൽ അതോറിറ്റി ഉത്തരവാദികളായിരിക്കില്ലെന്നും ഓർമിപ്പിച്ചു. ജനുവരിയിൽ വൊൾക്കാനോ ക്യാപിറ്റൽ മാർക്കറ്റിങ് മാനേജ്‌മെന്റ് ഉൾപ്പെടെ മറ്റു ചില സ്ഥാപനങ്ങൾക്കെതിരെയും സമാന മുന്നറിയിപ്പുകൾ നൽകിയിരുന്നു. യുഎഇയിൽ ഏതെങ്കിലും കമ്പനിയുമായി നിക്ഷേപ ഇടപാടുകൾ നടത്തുന്നതിന് മുൻപ് അവയുടെ ലൈസൻസ് വിവരം അതോറിറ്റി വെബ്സൈറ്റ് വഴി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അഭ്യർഥിച്ചു.