ലോകോത്തര ഉൽപന്നങ്ങളുടെ കേന്ദ്രമാകാൻ യുഎഇ; ഇറക്കുമതി കുറയ്ക്കുക ലക്ഷ്യം
മണലാരണ്യത്തിൽ നിന്ന് ആകാശഗോപുരങ്ങൾ തീർത്ത യുഎഇ, ഇനി ലോകോത്തര ഉൽപന്നങ്ങളുടെ നിർമാണശാലയാകുന്നു. വിദേശങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറച്ച് യുഎഇയിൽ നിർമിക്കൂ, ലോകത്തിന് നൽകൂ എന്ന ലക്ഷ്യത്തോടെയുള്ള 'മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്' അഞ്ചാം പതിപ്പിന് അബുദാബി ഒരുങ്ങിക്കഴിഞ്ഞു. നാളെ മുതൽ 7 വരെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ (അഡ്നെക്) നടക്കുന്ന പ്രദർശനം ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുച്ചാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.പ്രാദേശിക ഉൽപാദനം വർധിപ്പിക്കുന്നതിനായി 16,800 കോടി ദിർഹത്തിന്റെ പ്രീ-പ്രൊക്യൂർമെന്റ് കരാറുകളാണ് ഈ ഫോറത്തിലൂടെ ലക്ഷ്യമിടുന്നത്. 5,000ലേറെ ഉൽപ്പന്നങ്ങൾ യുഎഇയിൽ തന്നെ നിർമിക്കാനുള്ള അവസരങ്ങൾ ഇവിടെ അവതരിപ്പിക്കും. ഭക്ഷ്യ വ്യവസായം, മരുന്നുകൾ. പ്രതിരോധം, നിർമിത ബുദ്ധി (എഐ), ഭാവി ഊർജം തുടങ്ങി 12 പ്രധാന മേഖലകൾക്കാണ് പ്രദർശനത്തിൽ മുൻഗണന നൽകുന്നത്.
പുതുതായി സംരംഭങ്ങൾ തുടങ്ങുന്നവർക്കായി പ്രത്യേക മത്സരങ്ങളും പ്ലാറ്റ്‌ഫോമും ഒരുക്കിയിട്ടുണ്ട്. എഐ, റോബട്ടിക്സ് തുടങ്ങി നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന സ്റ്റാർട്ടപ്പുകളെയും പ്രദർശനം പ്രോത്സാഹിപ്പിക്കുന്നു. സന്ദർശകർക്ക് സൗജന്യ പാർക്കിങ്, ട്രാൻസ്പോർട്ട് സേവനങ്ങൾ, സ്മാർട്ട് ട്രാഫിക് മാനേജ്മെന്റ് തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ അഡ്നെക് ഗ്രൂപ്പ് ഒരുക്കി.
യുഎഇയുടെ ഓപ്പറേഷൻ 300 ബില്യൻ എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവയ്പാണിത്. പ്രദർശനത്തിൽ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ പങ്കാളിത്തം 60 ശതമാനത്തോളം വർധിച്ചുവെന്നത് ഈ രംഗത്തെ വലിയൊരു കുതിച്ചുച്ചാട്ടത്തെ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെക്കാൾ 42% വർധനയോടെ 1,162 പ്രദർശകർ ഇത്തവണ പങ്കെടുക്കും.