17,000 കോടി ദിർഹത്തിന്റെ വൻ പദ്ധതികളുമായി യുഎഇ
ദുബായ്-അബുദാബി ഹൈസ്പീഡ് റെയിൽ, അബുദാബി മെട്രോ, 5 എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന 120 കിലോമീറ്റർ നീളമുള്ള പുതിയ ഫെഡറൽ പാത, ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളെ ബന്ധിപ്പിച്ച് 10 പ്രധാന റൂട്ടുകളിൽ സംയോജിത പൊതുഗതാഗത ശൃംഖല തുടങ്ങി ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് യുഎഇ. വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി 17,000 കോടി ദിർഹത്തിന്റെ വികസന പദ്ധതികളാണ് ഊർജ-അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്‌റൂയി ഫെഡറൽ നാഷനൽ കൗൺസിലിൽ അവതരിപ്പിച്ചത്.∙ റോഡ് വികസനം
പ്രാദേശിക റോഡുകൾക്ക് 9500 കോടി ദിർഹവും ഫെഡറൽ റോഡുകൾക്ക് 1100 കോടി ദിർഹവും ചെലവഴിക്കും. ഫെഡറൽ റോഡുകളിലെ വരികളുടെ എണ്ണം 19ൽ നിന്ന് 33 ആയി ഉയർത്തും. യുഎഇയിലെ 90% വാഹനങ്ങളും അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
∙ നാലാം ഫെഡറൽ റോഡ്
600 കോടി ദിർഹം ചെലവിൽ 5 എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന 120 കിലോമീറ്റർ പുതിയ പാത ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കും. ഇതിൽ 12 വരികളുള്ള പാതയിൽ 4 ഫ്ലൈഓവറുകളും ഉണ്ടാകും.∙ ഇത്തിഹാദ് റെയിൽ
6400 കോടി ദിർഹമാണ് റെയിൽ പദ്ധതിക്കു മാറ്റിവച്ചിരിക്കുന്നത്. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഇലക്ട്രിക് ഹൈസ്പീഡ് ട്രെയിൻ വരുന്നതോടെ അബുദാബിയിൽനിന്ന് ദുബായിലേക്ക് വെറും 30 മിനിറ്റിൽ എത്താം. അബുദാബി-ഫുജൈറ യാത്ര 100 മിനിറ്റായും കുറയും. ഇത്തിഹാദ് റെയിലിനു പുറമെയാണിത്.