750 ദശലക്ഷം ദിർഹത്തിന്റെ റോഡ് നവീകരണവുമായി യുഎഇ

 

രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് യുഎഇ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം വൻകിട ഫെഡറൽ പദ്ധതികൾ നടപ്പിലാക്കുന്നു. റോഡുകൾ, കെട്ടിടങ്ങൾ, സേവന മേഖലകൾ എന്നിവ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതികൾ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം സാമ്പത്തിക വളർച്ചയ്ക്കും കുതിപ്പേകും. സുസ്ഥിരമായ വികസന കാഴ്ചപ്പാടോടെ നടപ്പിലാക്കുന്ന ഈ പ്രവർത്തനങ്ങൾ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും വർധിച്ചുവരുന്ന ജനസംഖ്യയ്ക്ക് അനുസൃതമായ സേവനങ്ങൾ ഉറപ്പാക്കാനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.മന്ത്രാലയത്തിന് കീഴിലുള്ള വിവിധ പദ്ധതികളുടെ പുരോഗതി ഇൻഫ്രാസ്ട്രക്ചർ ആൻഡ് ട്രാൻസ്പോർട്ട് അഫയേഴ്സ് അണ്ടർസെക്രട്ടറി മുഹമ്മദ് അൽ മൻസൂരി വിലയിരുത്തി. എമിറേറ്റ്സ് റോഡ് നവീകരണമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. 750 ദശലക്ഷം ദിർഹം ചെലവിൽ നിർമിക്കുന്ന ഈ പദ്ധതിയിലൂടെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും. ആറ് ഡയറക്ഷനൽ പാലങ്ങളും റോഡ് വീതികൂട്ടലും ഉൾപ്പെടുന്ന ഈ പ്രവൃത്തി പൂർത്തിയാകുന്നതോടെ യാത്രാസമയം 45 ശതമാനത്തോളം കുറയ്ക്കാനാകും. കൂടാതെ എമിറേറ്റ്സ് റോഡ് മൂന്ന് വരിയിൽ നിന്ന് അഞ്ച് വരിയായി വർധിപ്പിക്കുന്നത് ചരക്ക് നീക്കവും കൂടുതൽ സുഗമമാക്കും.

നീതിന്യായ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ദിബ്ബ അൽ ഫുജൈറ കോടതി സമുച്ചയത്തിന്റെയും പബ്ലിക് പ്രോസിക്യൂഷൻ കെട്ടിടത്തിന്റെയും നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്. പരിസ്ഥിതി സൗഹൃദവും സ്മാർട്ട് സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ നിർമാണ രീതികളാണ് ഇവിടെ അവലംബിക്കുന്നത്. ആരോഗ്യ മേഖലയിൽ ദിബ്ബ അൽ ഹിസൻ ഹെൽത്ത് സെന്ററിലെ പബ്ലിക് ഹെൽത്ത് ബിൽഡിങ് അത്യാധുനിക സൗകര്യങ്ങളോടെയാണ് ഒരുങ്ങുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഊർജ ഉപഭോഗം കുറയ്ക്കാനും മികച്ച സേവനം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.

കിഴക്കൻ മേഖലയിൽ നിർമിക്കുന്ന അണക്കെട്ടുകളും ജലപാതകളും പ്രാദേശിക ഉൽപന്നങ്ങൾ ഉപയോഗിച്ചാണ് നിർമിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇത് നിർമാണച്ചെലവ് കുറയ്ക്കുന്നതിനൊപ്പം പരിസ്ഥിതി ആഘാതം ലഘൂകരിക്കാനും സഹായിക്കുന്നു. വരുംതലമുറയുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുള്ള ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് മന്ത്രാലയം നടപ്പിലാക്കുന്നതെന്നും ഇത് രാജ്യത്തിന്റെ ആഗോള മത്സരക്ഷമത വർധിപ്പിക്കുമെന്നും എൻജിനീയർ മുഹമ്മദ് അൽ മൻസൂരി കൂട്ടിച്ചേർത്തു.