യുഎഇയിലെ തൊഴിൽ നഷ്ട ഇൻഷുറൻസ് ;80 ലക്ഷത്തിലേറെ പേർ ഇതുവരെ അംഗത്വമെടുത്തതായി മാനവശേഷി മന്ത്രാലയം

 

യുഎഇയിൽ ജോലി നഷ്ടപ്പെട്ടാൽ 3 മാസം വരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ  80 ലക്ഷത്തിലേറെ പേർ ഇതുവരെ അംഗത്വമെടുത്തതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിൽ വിപണി കരുത്തുറ്റതാക്കാനും ജോലി നഷ്ടപ്പെട്ട കാലയളവിലും കുടുംബത്തിനൊപ്പം മാന്യമായി ജീവിക്കാനുള്ള വരുമാനത്തിനും വേണ്ടിയാണ് നിർബന്ധിത തൊഴിൽ നഷ്ട ഇൻഷൂറൻസ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ കാലയളവിൽ മറ്റൊരു ജോലി കണ്ടെത്താനും സാവകാശം ലഭിക്കും. സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്കെല്ലാം ഇൻഷുറൻസ് നിർബന്ധമാണ്. പദ്ധതിയിൽ ചേരാത്തവർക്ക് 400 ദിർഹമാണ് പിഴ. 3 മാസത്തിൽ കൂടുതൽ പ്രീമിയം അടയ്ക്കാതിരുന്നവർക്ക് 200 ദിർഹം അധിക പിഴയുണ്ടാകും. കഴിഞ്ഞ വർഷം ഇൻഷുറൻസ് എടുത്ത് യഥാസമയം പുതുക്കാത്ത മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് ഇതിനകം പിഴ ചുമത്തുകയും ചെയ്തിരുന്നു. പ്രതിമാസ ശമ്പളം 16,000 ദിർഹത്തിൽ കുറവ് ആണെങ്കിൽ മാസത്തിൽ 5 ദിർഹമും കൂടുതൽ ആണെങ്കിൽ 10 ദി‍ർഹമും ആണ് ഇൻഷുറൻസ് പ്രീമിയമായി അടയ്ക്കേണ്ടത്.

ജീവനക്കാരന്റെ സൗകര്യം അനുസരിച്ച് മാസത്തിലോ 3, 6, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ പ്രീമിയം തുക അടയ്ക്കാം. ജോലി നഷ്ടപ്പെട്ടാൽ അടിസ്ഥാന ശമ്പളത്തിന്റെ 60% തുക നഷ്ടപരിഹാരമായി 3 മാസത്തേക്കു ലഭിക്കും. ആദ്യ പദ്ധതിയിൽ ചേർന്നവർക്ക്  മാസത്തിൽ 10,000 ദിർഹത്തിൽ കുടാത്ത തുകയും രണ്ടാമത്തെ വിഭാഗത്തിലുള്ളവർക്ക് 20,000 ദിർഹത്തിൽ കൂടാത്ത തുകയുമാണ് ലഭിക്കുക.

ഇൻഷുറൻസ് കമ്പനിയുടെ ഇ–പോർട്ടൽ (www.iloe.ae) വഴിയോ സ്മാർട് ആപ്ലിക്കേഷൻ (ILOE) വഴിയോ അപേക്ഷ സമർപ്പിക്കാം. ബാങ്ക് സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകൾ, കിയോസ്‌ക് മെഷീനുകൾ, ബിസിനസ് സർവീസ് സെന്ററുകൾ, മണി എക്‌സ്‌ചേഞ്ചുകൾ എന്നിവ മുഖേനയും അപേക്ഷിക്കാം. തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത സ്വന്തം കാരണത്താലല്ലാതെ പിരിച്ചുവിടപ്പെട്ടവർക്കാണ് ആനുകൂല്യം ലഭിക്കുക.