യുഎഇ-ബഹ്‌റൈൻ ബന്ധം കൂടുതൽ ശക്തമാക്കാൻ തീരുമാനം

 

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ബഹ്‌റൈൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉറ്റബന്ധത്തിന്റെ പുതിയ അധ്യായമായി മാറി. ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവുുമായി നടത്തിയ കൂടിക്കാഴ്ചയിൽ സഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം മേഖലയിലെ നിർണായക സുരക്ഷാ വെല്ലുവിളികളും ചർച്ചയായി. സമാധാനവും വികസനവും ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാൻ ഇരുനേതാക്കളും തീരുമാനിച്ചു.

മധ്യപൂർവദേശത്തെ നിലവിലെ സ്ഥിതിഗതികൾ ആഗോള സുരക്ഷയിലും സമുദ്ര ഗതാഗതത്തിലും ഊർജ വിതരണത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നേതാക്കൾ ആശങ്ക രേഖപ്പെടുത്തി. പ്രത്യേകിച്ച്, യുഎഇയിലും ബഹ്‌റൈനിലും സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുണ്ടാകുന്ന ഇറാനിയൻ ഭീകര കടന്നാക്രമണങ്ങളെ യോഗം ശക്തമായി അപലപിച്ചു. ഇത്തരം പ്രവൃത്തികൾ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള ലംഘനമാണെന്നും രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും നേതാക്കൾ വിലയിരുത്തി.

പ്രാദേശിക സമാധാനം തകർക്കുന്ന നീക്കങ്ങൾക്കെതിരെ ഒത്തൊരുമിച്ചു നിൽക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ദുബായ് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ തുടങ്ങിയ പ്രമുഖരും ഈ ചരിത്രപരമായ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ആഗോള സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും ഊർജ സുരക്ഷയ്ക്കും മേഖലയിലെ സമാധാനം അനിവാര്യമാണെന്ന ഓർമപ്പെടുത്തലോടെയാണ് കൂടിക്കാഴ്ച സമാപിച്ചത്.