യു.എ.ഇയിലെ ആദ്യ കാസിനോ റിസോര്‍ട്ട് 2027 സെപ്റ്റംബറില്‍ തുറക്കും
യു.എ.ഇയിലെ ആദ്യ വാണിജ്യ കാസിനോ റിസോര്‍ട്ടായ വിന്‍ അല്‍ മര്‍ജാന്‍ ഐലൻഡ് റാസല്‍ഖൈമയിലെ അല്‍ മര്‍ജാന്‍ ഐലൻഡില്‍ 2027 സെപ്റ്റംബറില്‍ പ്രവര്‍ത്തനമാരംഭിക്കും. യു.എസ് ആസ്ഥാനമായ വിന്‍ റിസോര്‍ട്ട്സ് കഴിഞ്ഞ വാരം 2026ലെ രണ്ടാം പാദ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് റിസോര്‍ട്ട് തുറക്കുന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
അതേസമയം, പദ്ധതിയുടെ നിര്‍മാണച്ചെലവ് ഏകദേശം 570 കോടി ഡോളറായി ഉയര്‍ന്നു. 510 കോടി ഡോളറായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്. മേഖലയിലെ സംഘര്‍ഷാവസ്ഥയില്‍ വിതരണശൃംഖല തടസ്സങ്ങളും ഷിപ്പിങ് ഇന്‍ഷുറന്‍സ് മേഖലയിലെ പ്രതിസന്ധിയുമാണ് സമയക്രമത്തെയും ചെലവിനെയും ബാധിച്ചതെന്ന് വിന്‍ റിസോര്‍ട്ട്സ് സി.ഇ.ഒ ക്രെയ്ഗ് ബില്ലിങ്സ് പറഞ്ഞു. റാക് അല്‍ മര്‍ജാന്‍ ഐലൻഡില്‍ 60 ഹെക്ടര്‍ വിസ്തൃതിയിലാണ് റിസോര്‍ട്ട് ഉയരുന്നത്. 420 മീറ്റര്‍ നീളമുള്ള സ്വകാര്യ ബീച്ച്, 12 നീന്തല്‍ക്കുളങ്ങള്‍, ആഴക്കടല്‍ മറീന, തിയറ്റര്‍, കണ്‍വെന്‍ഷന്‍-ഇവന്‍റ് സൗകര്യങ്ങള്‍, ആഡംബര ഷോപ്പിങ് മേഖല, 22 റസ്റ്റോറന്‍റുകളും ലോഞ്ചുകളും എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി.
എമിറേറ്റിന്‍റെ ആകാശരേഖ തന്നെ മാറ്റിമറിക്കുന്ന തരത്തിലാണ് വിന്‍ അല്‍ മര്‍ജാന്‍ ഐലൻഡിന്‍റെ പ്രധാന ടവര്‍ നിര്‍മിക്കുന്നത്. 352 മീറ്റര്‍ ഉയരവും 70 നിലകളുമുള്ള കെട്ടിടം എമിറേറ്റിലെ ഏറ്റവും ഉയരം കൂടിയ നിര്‍മിതിയാകും. 1530 മുറികളും സ്യൂട്ടുകളും ടവറിലുണ്ടാകും. 1217 എണ്ണം പ്രധാന റിസോര്‍ട്ട് വിഭാഗത്തിലും 313 എണ്ണം അത്യാഡംബര എൻക്ലേവ് വിഭാഗത്തിലുമാണ്. എൻക്ലേവില്‍ രണ്ട് റോയല്‍ അപ്പാര്‍ട്ട്മെന്‍റുകള്‍, നാല് ഗാര്‍ഡന്‍ ടൗണ്‍ ഹോമുകള്‍, 10 മറീന എസ്റ്റേറ്റുകള്‍, 297 എൻക്ലേവ് സ്യൂട്ടുകള്‍ എന്നിവ ഉള്‍പ്പെടും.