മണ്ണിലും വിണ്ണിലും മാറ്റങ്ങളുമായി യുഎഇയുടെ പുതുവർഷം

 

മണ്ണിലും വിണ്ണിലും മാറ്റങ്ങളുടെ ഞെട്ടിക്കൽ വർഷമാണു യുഎഇക്ക് 2026. ഈ വർഷം രാജ്യം കുടുംബ വർഷമായി ആചരിക്കുന്നതിനാൽ, കുടുംബ ബന്ധങ്ങളുടെ പവിത്രതയ്ക്കും കെട്ടുറപ്പിനുമായി ഈ വർഷത്തെ സമർപ്പിച്ചിരിക്കുന്നു. ഈ കുടുംബ വർഷം യുഎഇ കാത്തിരിക്കുന്നതു വിസ്മയ മാറ്റങ്ങളുടെ നീണ്ട നിരയാണ്. പരീക്ഷണ പറക്കലുകൾ പലതവണ കഴിഞ്ഞ എയർ ടാക്സി ഈ വർഷം യുഎഇയുടെ ആകാശത്തു തലങ്ങും വിലങ്ങും പായും.

യാത്രാ സമയം മണിക്കൂറിൽ നിന്നു മിനിറ്റുകളിലേക്കു ചുരുക്കുന്ന പറക്കും ടാക്സികൾ ഈ വർഷം വാണിജ്യ അടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കും. ആകാശത്ത് എയർ ടാക്സി വിപ്ലവമാണെങ്കിൽ, ഭൂമിയിൽ ഡ്രൈവറില്ലാ കാറുകളുടെ പടയോട്ടമായിരിക്കും. ഇപ്പോൾ യാത്രക്കാരെ വച്ചുള്ള വ്യാവസായിക യാത്രയുടെ ഈ പരീക്ഷണ ഘട്ടം കൂടി കഴിഞ്ഞാൽ, ഈ വർഷം ദുബായ്, അബുദാബി റോഡുകളിൽ ഓട്ടണോമസ് ടാക്സികൾ കാണാം.

ഒഴിഞ്ഞു കിടക്കുന്ന ഡ്രൈവർ സീറ്റുകളുമായി സവാരിക്കാരെ തേടിയെത്തുന്ന ടാക്സി കാറുകൾ ഈ വർഷം വ്യാപകമാകും. 2030 ആകുമ്പോഴേക്കും ടാക്സി കാറുകളിൽ ബഹുഭൂരിപക്ഷവും ഡ്രൈവറില്ലാ വാഹനങ്ങളാക്കുകയാണു ലക്ഷ്യം. എയർ പോർട്ടുകളിൽ ലഗേജ് കൈകാര്യം ചെയ്യുന്നതിനും മനുഷ്യരില്ലാ വാഹനങ്ങളും യന്ത്രങ്ങളും വ്യാപകമാകും.ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസാണ് ഈ വർഷം കാണാൻ കൊതിക്കുന്ന മറ്റൊരു കാഴ്ച. യുഎഇയുടെ ഒരറ്റത്ത് നിന്നു മറ്റേ അറ്റം വരെ നീണ്ടു കിടക്കുന്ന റെയിൽ പാളത്തിലൂടെ പാസഞ്ചർ ട്രെയിനുകളുടെ ചൂളം വിളിക്ക് ഈ 2026 സാക്ഷ്യം വഹിക്കും. റോഡിലെ യാത്രകൾ പതിയെ റെയിലേറും. യുഎഇയുടെ എമിറേറ്റുകളെ ഒരൊറ്റ റെയിൽ പാളത്തിലൂടെ ബന്ധിപ്പിക്കുമ്പോൾ, ഗൾഫിലെ രാജ്യങ്ങളെ ഒരൊറ്റ വീസയിൽ ബന്ധിപ്പിക്കുന്ന പ്രഖ്യാപനത്തിനും ഈ വർഷം ഉണ്ടാവും.ഒറ്റ വീസയിൽ സൗദി, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത്, യുഎഇ രാജ്യങ്ങൾ സന്ദർശിക്കാം എന്നതാണ് ഷെങ്ഗൻ മോഡൽ വീസയുടെ പ്രത്യേകത. ഇതിന്റെ പ്രാഥമിക നടപടികൾ രാജ്യങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ സമ്പൂർണ നിരോധനം ഇന്നു മുതൽ നിലവിൽ വരും. വെള്ളിയാഴ്ച പ്രാർഥനയുടെ സമയവും ഈ മാസം മുതൽ മാറും. ഇനി മുതൽ ഉച്ചയ്ക്ക് 12.45ന് ആയിരിക്കും വെള്ളിയാഴ്ച പ്രാർഥന. ഇതു പ്രകാരം സ്കൂളുകളുടെ പ്രവൃത്തി സമയത്തും മാറ്റമുണ്ടാകും. വെള്ളിയാഴ്ചകളിൽ രാവിലെ 11 മണിയോടെ ക്ലാസുകൾ അവസാനിക്കും.

യുഎഇയുടെ ചാന്ദ്ര ദൗത്യത്തിനായി റാഷിദ് റോവർ 2ന്റെ യാത്രയും ഈ വർഷമാണു പ്രതീക്ഷിക്കുന്നത്. യുഎഇയുടെ സ്വദേശിവൽക്കരണം 10 ശതമാനം പൂർത്തിയാകുന്നതും ഈ വർഷമാണ്. സ്വകാര്യ കമ്പനികളിൽ 10 ശതമാനം സ്വദേശികൾ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്വദേശിവൽക്കരണം വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കിയാണു 10 ശതമാനത്തിൽ എത്തുന്നത്.