ഒരേസമയം 10,400 പേർക്ക് പ്രാർഥിക്കാം; ദുബായിൽ 13 പുതിയ പള്ളികൾ കൂടി
Apr 20, 2026, 16:14 IST
16.2 കോടി ദിർഹം ചെലവിൽ ദുബായിൽ 13 പുതിയ പള്ളികൾ കൂടി തുറന്നു. 10,400 പേർക്ക് ഒരേസമയം പ്രാർഥിക്കാം. നഗരത്തിന്റെ വികസനത്തിനൊപ്പം വിശ്വാസികൾക്കായി കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അൽ അവീർ, ഹിന്ദ് സിറ്റി, അൽ യലായിസ്, അൽ ഖവാനീജ്, നാദ് ഹസ്സ, അൽ ജദ്ദാഫ്, ഖിസൈസ് വ്യവസാ മേഖല, ഹത്ത എന്നിങ്ങനെ 8 വ്യത്യസ്ത മേഖലകളിലായി10 പള്ളികൾ കൂടി പണിയുന്നതിനായി സ്ഥലം അനുവദിച്ചു.ജനസാന്ദ്രതയേറിയതും പുതുതായി വികസിക്കുന്നതുമായ മേഖലകളിലാണ് പള്ളികൾ നിർമിക്കുന്നത്. നഗരത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും ആരാധനാലയങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കുന്നതിനാണിത്. സമൂഹ ഐക്യവും കുടുംബ ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനൊപ്പം ജീവിതനിലവാരത്തിൽ ദുബായുടെ ആഗോള സ്ഥാനം ഉറപ്പിക്കാനും പള്ളികൾ സഹായിക്കുമെന്ന് ഐഎസിഎഡി ഡയറക്ടർ മുഹമ്മദ് ജാസിം അൽ മൻസൂരി പറഞ്ഞു.