സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക
സൗദി അറേബ്യയിൽ ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക. സൗദിയിലുള്ള അമേരിക്കൻ സർക്കാർ ഉദ്യോഗസ്ഥർ തായിഫ്, യാൻബു എന്നീ നഗരങ്ങളിലേക്ക് ഔദ്യോഗികമോ വ്യക്തിപരമോ ആയ യാത്രകൾ നടത്തുന്നതിന് ഇനി മുതൽ പ്രത്യേക അനുമതി വാങ്ങണം. സൗദിയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ഈ നിയന്ത്രണങ്ങളെന്ന് സൗദിയിലെ യുഎസ് മിഷൻ എക്സിലൂടെ അറിയിച്ചു.
രാജ്യത്തുള്ള അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും യുഎസ് മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അമേരിക്കൻ പൗരന്മാർക്കുള്ള സാധാരണ കോൺസുലാർ സേവനങ്ങളും അടിയന്തര സേവനങ്ങളും മുടങ്ങില്ലെന്നും അധികൃതർ അറിയിച്ചു.
സൗദിയിലുള്ള അമേരിക്കക്കാർ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ (STEP) രജിസ്റ്റർ ചെയ്യണമെന്ന് യുഎസ് മിഷൻ നിർദേശിച്ചിട്ടുണ്ട്. പ്രാദേശിക വാർത്തകളും ഔദ്യോഗിക അറിയിപ്പുകളും ശ്രദ്ധിക്കുക, മൊബൈൽ ഫോണുകൾ എപ്പോഴും ചാർജ് ചെയ്ത് സൂക്ഷിക്കുക, സൗദി അധികൃതരുടെ നിർദേശങ്ങൾ പാലിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന നിർദേശങ്ങൾ. വ്യോമാക്രമണം ഉണ്ടായാൽ ജനലുകൾക്കും ചില്ലുവാതിലുകൾക്കും അടുത്തുനിന്ന് മാറിനിൽക്കണമെന്നും വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പിലുണ്ട്.