സൗദിയിലെ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വി.കെ. ശ്രീകണ്ഠൻ എം.പി; പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്തു
സൗദി അറേബ്യ സന്ദർശനത്തിനെത്തിയ വി.കെ. ശ്രീകണ്ഠൻ എം.പി ഇന്ത്യൻ അംബാസഡർ വിപുലുമായി റിയാദിലെ എംബസിയിൽ കൂടിക്കാഴ്ച നടത്തി. പ്രവാസി മലയാളി സമൂഹം നേരിടുന്ന നിരവധി നിർണായക വിഷയങ്ങൾ ചർച്ച ചെയ്ത കൂടിക്കാഴ്ചയിൽ, ആവശ്യമായ പിന്തുണയും തുടർനടപടികളും അംബാസഡർ ഉറപ്പുനൽകിയതായി പ്രതിനിധികൾ അറിയിച്ചു. റിയാദ്–തിരുവനന്തപുരം സൗദിയ വിമാന സർവീസ് പുനരാരംഭിക്കുക, തിരുവനന്തപുരം വിമാനത്താവളത്തിന് സൗദിയയുടെ ‘പോയിന്റ് ഓഫ് കോൾ’ അനുമതി ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ എം.പി ഉന്നയിച്ചു. വി.എഫ്.എസ് സേവനങ്ങളിലെ കാലതാമസം പരിഹരിക്കണമെന്നും അവധിക്കാലത്തെ അമിത വിമാനക്കൂട്ടം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു.
നിയമപ്രശ്നങ്ങളിലും തൊഴിൽ തർക്കങ്ങളിലും അകപ്പെടുന്ന പ്രവാസികൾക്ക് കൃത്യമായ നിയമസഹായവും പിന്തുണയും ഉറപ്പാക്കുക, വിദൂര മേഖലകളിൽ കോൺസുലാർ ക്യാമ്പുകൾ സംഘടിപ്പിക്കുക, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുക എന്നിവയും ശ്രദ്ധയിൽപ്പെടുത്തി. ബി.ടെക് ബിരുദധാരികൾക്ക് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സിൽ രജിസ്ട്രേഷൻ ലഭിക്കുന്നതിലെ തടസ്സങ്ങൾ പരിഹരിക്കാൻ തുല്യതാ രേഖ ലഭ്യമാക്കണമെന്നും റിയാദിൽ 'ഇന്ത്യൻ കൾച്ചറൽ സെന്റർ' ആരംഭിക്കണമെന്നും എം.പി അഭ്യർഥിച്ചു.
എംബസി കോൺസുലർ വൈ. സാബിർ, ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലീം കളക്കര, ശിഹാബ് കോട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി, മുഹമ്മദ് അലി മണ്ണാർക്കാട്, സുരേഷ് ശങ്കർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.