പശ്ചിമേഷ്യൻ സംഘർഷം: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കും; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ലോക കേരള സഭ പ്രതിനിധി യോഗം ചേർന്നു
പശ്ചിമേഷ്യയിൽ ഇസ്രയേൽ-ഇറാൻ സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുടെ അടിയന്തിര ഓൺലൈൻ യോഗം ചേർന്നു. പ്രതിസന്ധി ഘട്ടത്തിൽ പ്രവാസി കേരളീയർ ഒരുമയോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. അടിയന്തിര സാഹചര്യങ്ങളിൽ നാട്ടിലെത്തേണ്ടവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാന സർവീസുകൾ റദ്ദാക്കിയത് മൂലമുള്ള ബുദ്ധിമുട്ടുകൾ, ടിക്കറ്റ് റീഫണ്ട്, അമിത വിമാനക്കൂലി തുടങ്ങിയ വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഗൾഫ് മേഖലയിലെ പ്രതിസന്ധി കേരളത്തിലെ സാധാരണ ജനജീവിതത്തെപ്പോലും ബാധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. പ്രവാസികൾ അതത് രാജ്യങ്ങളിലെ ഭരണകൂടവും ഇന്ത്യൻ എംബസികളും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെങ്കിലും തങ്ങൾ സുരക്ഷിതരാണെന്ന് യോഗത്തിൽ പങ്കെടുത്ത ലോക കേരള സഭ പ്രതിനിധികൾ അറിയിച്ചു. വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർ, പരീക്ഷകൾക്കായി നാട്ടിലെത്തേണ്ട വിദ്യാർത്ഥികൾ, ട്രാൻസിറ്റ് വിസയിലെത്തി പ്രതിസന്ധിയിലായവർ തുടങ്ങിയവരുടെ പ്രശ്നങ്ങൾ പ്രതിനിധികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ തുടങ്ങി 143 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.