യുഎഇയിൽ വിവാഹ മോചനത്തിന് 2,365 കോടി രൂപ ജീവനാംശം വേണമെന്ന് യുവതി, കോടതിയെ സമീപിച്ചു

 

വിവാഹ മോചനത്തിന് ഒരു ബില്യൺ ദിർഹം (2,365 കോടി ഇന്ത്യൻ രൂപ) ജീവനാംശം ആവശ്യപ്പെട്ട് അബുദാബി കുടുംബ കോടതിയെ സമീപിച്ച് യുവതി. 39കാരിയായ കരീബിയൻ യുവതിയാണ് 2,365 കോടി രൂപ ജീവനാംശമായി ആവശ്യപ്പെട്ടത്.

20 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ദീർഘകാലമായി യുഎഇയിൽ താമസിച്ച് വരികയുമാണ്. ഏപ്രിൽ മുതലാണ് വിവാഹ മോചന നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ 18 വർഷമായി യുഎഇയിൽ താമസിക്കുന്ന യുവതിക്ക് അഞ്ച് മക്കളാണുള്ളത്. യുഎഇയിലെ നീതിന്യായ സംവിധാനത്തിൽ അചഞ്ചലമായ വിശ്വാസമുണ്ടെന്ന് യുവതി പറഞ്ഞു. തൻറെ മക്കൾ ജനിച്ചതും വളർന്നതും യുഎഇയിലാണെന്നും ഇത് തങ്ങളുടെ വീടാണെന്നും യുവതി പറഞ്ഞു. കോടതി നടപടിക്രമങ്ങളോട് ബഹുമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

വിവാഹമോചനത്തിനായി യുവതി ആവശ്യപ്പെട്ട പണം ലഭിച്ചാൽ ഗൾഫ് രാജ്യങ്ങളിൽ ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും ഉയർന്ന നഷ്ടപരിഹാര തുകയായി ഇത് മാറുമെന്ന് യുവതിയുടെ അഭിഭാഷക ബൈറൺ ജെയിംസ് പറഞ്ഞു. വിവാഹ സമയത്ത് രണ്ടുപേരും ഒരുമിച്ച് സമ്പാദിച്ച പണം വിവാഹ മോചന സമയത്ത് കൃത്യമായി വിഭജിക്കണമെന്ന് ബൈറൺ ജെയിംസ് പറഞ്ഞു.