ദുബായിലെ വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസനം: രണ്ടാമത്തെ പ്രധാന മേൽപ്പാലം തുറന്നു
Updated: Feb 27, 2026, 20:44 IST
ദുബായിലെ വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായി രണ്ടാമത്തെ പ്രധാന മേൽപ്പാലം ആർടിഎ തുറന്നുകൊടുത്തു. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്ക് കരാമ, ദെയ്റ ഭാഗങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്ന 1,000 മീറ്റർ നീളമുള്ള പുതിയ പാലത്തിലൂടെ മണിക്കൂറിൽ 3,000 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും. അഞ്ച് പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസിപ്പിച്ച് ഗതാഗതക്കുരുക്ക് ലഘൂകരിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, ഡിസംബർ 2 സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്ലിസ് സ്ട്രീറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുതിയ പാലം പ്രവർത്തനക്ഷമമായതോടെ ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും 1 മിനിറ്റായി കുറഞ്ഞു. കൂടാതെ, ഡിസംബർ 2 സ്ട്രീറ്റിൽ നിന്ന് അൽ മജ്ലിസ് സ്ട്രീറ്റിലേക്കുള്ള യാത്ര 10 മിനിറ്റിൽ നിന്ന് വെറും 2 മിനിറ്റായി കുറഞ്ഞു. ജങ്ഷനിലെ ശരാശരി കാത്തിരിപ്പ് സമയം 12 മിനിറ്റിൽ നിന്ന് 90 സെക്കൻഡായി കുറയുമെന്നാണ് കണക്കാക്കുന്നത്.ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് പാലങ്ങളാണ് ഈ പദ്ധതിയിൽ നിർമിക്കുന്നത്. ഇതിൽ മൂന്ന് പാലങ്ങൾ ഇതിനകം പ്രവർത്തനക്ഷമമായി. അവശേഷിക്കുന്ന രണ്ട് പാലങ്ങൾ ഒക്ടോബറിൽ തുറന്നുകൊടുക്കാനാണ് പദ്ധതി. പഴയ റൗണ്ട് എബൗട്ട് സിഗ്നൽ സംവിധാനമുള്ള ജംഗ്ഷനായി മാറും. ഈ പദ്ധതി പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 6,000ത്തിലേറെ വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും. ദുബായ് വേൾഡ് ട്രേഡ് സെന്റർ, ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ എന്നീ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും. സബീൽ, സത് വ, കരാമ, അൽ ജാഫിലിയ, അൽ മൻകൂൾ എന്നീ പ്രദേശങ്ങളിലെ 5 ലക്ഷത്തിലധികം താമസക്കാർക്കും സന്ദർശകർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.