ഇലക്ട്രിക് എയർ ടാക്സിക്കായി ലോകത്തെ ആദ്യ വെർട്ടിപോർട്ട് യുഎഇയിൽ

 

 

നഗരഗതാഗതത്തിൽ പുതിയ അധ്യായം കുറിച്ച് ഇലക്ട്രിക് എയർ ടാക്സി (എവിറ്റോൾ) സർവീസുകൾക്കായി വാണിജ്യാടിസ്ഥാനത്തിലുള്ള ലോകത്തെ ആദ്യ വെർട്ടിപോർട്ടിന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രവർത്തനാനുമതി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിനു സമീപം നിർമിച്ച വിഡിഎക്സ് വെർട്ടിപോർട്ടാണു ചരിത്രനേട്ടം സ്വന്തമാക്കിയത്. ഭാവിയിലെ ദുബായ് എയർ ടാക്സി ശൃംഖലയുടെ പ്രധാന ഹബ്ബായി ഇതു പ്രവർത്തിക്കും.ബ്രിട്ടിഷ് കമ്പനിയായ സ്കൈപോർട്സ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിച്ച വെർട്ടിപോർട്ടിന് അടിസ്ഥാനസൗകര്യം, സുരക്ഷ, പ്രവർത്തനരീതികൾ, അടിയന്തര സജ്ജീകരണം എന്നിവയുടെ സമഗ്ര വിലയിരുത്തലിനു ശേഷമാണു സർട്ടിഫിക്കേഷൻ ലഭിച്ചത്. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി (ആർടിഎ) സഹകരിച്ചു പാം ജുമൈറ, ഡൗൺടൗൺ ദുബായ്, ദുബായ് മറീന എന്നിവിടങ്ങളിൽ മൂന്നു വെർട്ടിപോർട്ടുകൾ കൂടി നിർമാണത്തിലുണ്ട്. ലിഫോർണിയ ആസ്ഥാനമായ ജോബി ഏവിയേഷൻ ആണു ദുബായിൽ എയർ ടാക്സി സർവീസ് നടത്തുക. അന്തിമ പ്രവർത്തനാനുമതി ലഭിക്കുന്നതോടെ വർഷാവസാനത്തോടെ വാണിജ്യ സർവീസുകൾ ആരംഭിക്കുമെന്നാണു പ്രതീക്ഷ.