ബുർജ് ഖലീഫ സ്റ്റേഷൻ വികസിപ്പിക്കാൻ ധാരണ: സ്ഥലം കൂടും, സൗകര്യങ്ങളും

 

വിശേഷ ദിവസങ്ങളിലെ തിരക്കിൽ നട്ടംതിരിയുന്ന ബുർജ് ഖലീഫ മെട്രോ സ്റ്റേഷൻ വികസിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ദുബായ് ആർടിഎയും ഇമാർ പ്രോപ്പർട്ടീസും ധാരണാപത്രം ഒപ്പുവച്ചു. 8500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സ്റ്റേഷൻ വികസിപ്പിക്കുന്നത്.
പുതുവർഷ രാത്രി, പൊതു അവധി ദിവസങ്ങളിൽ മെട്രോ സ്റ്റേഷനിൽ നിന്നുതിരിയാൻ സ്ഥലമില്ലാതെ അടച്ചിടേണ്ടി വരുന്നത് പതിവാണ്. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വികസനം നടപ്പാക്കുന്നത്.

മണിക്കൂറിൽ 7250 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് നിലവിലുള്ളത്. വികസനം പൂർത്തിയാകുമ്പോൾ മണിക്കൂറിൽ 12,320 യാത്രക്കാരെ ഉൾക്കൊള്ളാനാകും. മൊത്തം ശേഷിയിൽ 65 % വർധന. പദ്ധതി പൂർത്തിയാകുമ്പോൾ പ്രതിദിനം 2.2 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി ബുർജ് ഖലീഫ/ദുബായ് മാൾ മെട്രോ സ്റ്റേഷൻ നേടും. നിർമാണ കരാറിൽ ആർടിഎയ്ക്ക് വേണ്ടി ഡയറക്ടർ ജനറൽ മത്തർ അൽ തായറും ഇമാറിന് വേണ്ടി മുഹമ്മദ് അലബ്ബാറും ഒപ്പുവച്ചു.