ചാരവൃത്തി കേസിൽ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവം; പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം

 

കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മുഹമ്മദ് അബ്ദുൽ മുഹ്സിൻ മുഹമ്മദ് (32) എന്ന യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. ഇറാന് വേണ്ടി ചാരവൃത്തി ചെയ്ത കേസിൽ പ്രതിയായിരുന്ന ഇയാൾ നാഷനൽ ഇന്‍റലിജൻസ് ഏജൻസിയുടെ കസ്റ്റഡിയിലായിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇറാന്‍റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡിന് (ഐ.ആർ.ജി.സി) കൈമാറിയെന്ന കുറ്റത്തിനാണ് ഇയാളെ പിടികൂടിയത്. രാജ്യത്തിനെതിരെയുള്ള ഇറാന്‍റെ സൈനിക നീക്കങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ വിവരങ്ങൾ ചോർത്തി നൽകുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. ഇയാൾക്കെതിരെ നേരത്തെ തന്നെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കസ്റ്റഡിയിലായത്.

മരിച്ച യുവാവിന്‍റെ ശരീരത്തിലെ പരിക്കുകളുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങൾക്കിടയിൽ പ്രകോപനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്.

മരണകാരണത്തെക്കുറിച്ചും ശരീരത്തിലെ പരിക്കുകളെക്കുറിച്ചും കൃത്യമായ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കീഴിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റിന് കൈമാറി. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിപുലമായ അന്വേഷണം നടക്കുമെന്നും മന്ത്രാലയം അറിയിച്ചു.