സമ്മർദം കുറയ്ക്കാൻ അല്പം ഗ്രീൻ ടീ; കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാൻ കാറ്റെച്ചിനുകളും എൽ-തിയനൈനും

 

ഉന്മേഷം നൽകുന്നതിന് പുറമേ ശരീരത്തിലെ ഉയർന്ന സ്ട്രെസ് ഹോർമോണുകളുടെ അളവ് കുറയ്ക്കാനും ഗ്രീൻ ടീ മികച്ചതാണെന്ന് പഠനങ്ങൾ. മാനസിക സമ്മർദമുണ്ടാകുമ്പോൾ അഡ്രീനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന കോർട്ടിസോൾ ഹോർമോണിന്റെ വർധിച്ച അളവ് നിയന്ത്രിക്കാൻ ഗ്രീൻ ടീയിലെ ഘടകങ്ങൾക്ക് സാധിക്കും. കോർട്ടിസോളിന്റെ ഉയർന്ന അളവ് രക്തത്തിലെ പഞ്ചസാരയുടെ വർധനവ്, പ്രതിരോധശേഷി കുറയൽ, ശരീരഭാരവും രക്തസമ്മർദ്ദവും കൂടൽ എന്നിവയ്ക്ക് കാരണമാകാറുണ്ട്.

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിനുകൾ എന്ന ആന്റിഓക്‌സിഡന്റുകൾ തലച്ചോറിലെ റിസപ്റ്ററുകളുമായി പ്രവർത്തിച്ച് കോർട്ടിസോൾ ഉത്പാദനം നിയന്ത്രിക്കുന്നു. കൂടാതെ, ഇതിലടങ്ങിയിരിക്കുന്ന എൽ-തിയനൈൻ (L-theanine) എന്ന അമിനോ ആസിഡ് മനസ്സിനെ ശാന്തമാക്കാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും. എങ്കിലും, ഗ്രീൻ ടീയുടെ ഗുണനിലവാരം, ഉപയോഗിക്കുന്ന അളവ്, ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി എന്നിവയ്ക്കനുസരിച്ച് ഇതിന്റെ ഫലങ്ങളിൽ വ്യത്യാസമുണ്ടാകാം.