യാത്രയിലെ മോഷൻ സിക്‌നസ് ഒഴിവാക്കാം; സന്തോഷം തരുന്ന പാട്ടുകൾ കേൾക്കാം
യാത്രകളിൽ പലരെയും അലട്ടുന്ന പ്രശ്നമാണ് തലകറക്കവും ഛർദ്ദിയും ക്ഷീണവും ഉണ്ടാക്കുന്ന മോഷൻ സിക്‌നസ്. എന്നാൽ യാത്രയ്ക്കിടെ നമ്മൾ കേൾക്കുന്ന സംഗീതത്തിന് മോഷൻ സിക്‌നസിന്റെ വ്യാപ്തി കൂട്ടാനും കുറയ്ക്കാനും സാധിക്കുമെന്ന് 'ഫ്രോണ്ടിയേഴ്‌സ് ഇൻ ഹ്യൂമൻ ന്യൂറോസയൻസിൽ' പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നു.
യാത്രയ്ക്കിടെ ദുഃഖഭാവത്തിലുള്ള പാട്ടുകൾ കേൾക്കുന്നത് മോഷൻ സിക്‌നസ് വഷളാക്കുമെന്നാണ് പഠനം പറയുന്നത്. അതേസമയം, സന്തോഷം നൽകുന്നതും സൗമ്യവുമായ സംഗീതം കേൾക്കുന്നത് ഓക്കാനം, തലകറക്കം എന്നിവ പകുതിയിലധികം കുറയ്ക്കാൻ സഹായിക്കും. സൗമ്യമായ ഈണങ്ങൾ കേൾക്കുമ്പോൾ മോഷൻ സിക്‌നസ് ലക്ഷണങ്ങൾ 56.7 ശതമാനവും, സന്തോഷമുള്ള പാട്ടുകൾ കേൾക്കുമ്പോൾ 57.3 ശതമാനവും കുറയുന്നതായി ഗവേഷകർ കണ്ടെത്തി. ആവേശം നൽകുന്ന സംഗീതം കേൾക്കുന്നത് 48.3 ശതമാനം വരെ ലക്ഷണങ്ങൾ കുറയ്ക്കുന്നുണ്ട്.
മോഷൻ സിക്‌നസ് അനുഭവപ്പെടുമ്പോൾ തലച്ചോറിലെ ഓക്‌സിപിറ്റൽ ലോബിന്റെ പ്രവർത്തനം മന്ദഗതിയിലാകുന്നു. എന്നാൽ സന്തോഷകരമായ ഈണങ്ങൾ കേൾക്കുമ്പോൾ ഇത് സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ സഹായിക്കും. മോഷൻ സിക്‌നസ് ഉണ്ടാകാൻ സാധ്യതയുള്ളവർ യാത്രകളിൽ വിരഹഗാനങ്ങളും സങ്കടപ്പാട്ടുകളും ഒഴിവാക്കി മനസ്സിന് സന്തോഷം നൽകുന്ന പാട്ടുകൾ തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യമെന്നും പഠനം നിർദേശിക്കുന്നു.