ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റിങ് മുടി കൊഴിച്ചിലിന് കാരണമാകുമോ? അറിയേണ്ട കാര്യങ്ങൾ
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്കിടെ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് അമിതമായ മുടികൊഴിച്ചിൽ. ശാസ്ത്രീയമല്ലാത്ത രീതിയിൽ ഭക്ഷണക്രമത്തിൽ പെട്ടെന്ന് വരുത്തുന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. കലോറിയും അത്യാവശ്യ പോഷകങ്ങളും പെട്ടെന്ന് ഒഴിവാക്കുമ്പോൾ ശരീരം സമ്മർദ്ദത്തിലാവുകയും ഇത് മുടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
ക്രാഷ് ഡയറ്റുകൾ (Crash diets) പരീക്ഷിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് എല്ലാത്തരം പോഷകങ്ങളും നിശ്ചിത അളവിൽ ആവശ്യമാണ്. കലോറി പൂർണമായും ഒഴിവാക്കുന്നത് ശരീരത്തിൽ ക്ഷീണവും മാനസിക സമ്മർദ്ദവും ഉണ്ടാക്കുകയും മുടികൊഴിച്ചിൽ വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ, പെട്ടെന്ന് ഭാരം കുറയ്ക്കാൻ ശ്രമിക്കാതെ പോഷകസമൃദ്ധമായ സമീകൃതാഹാരം ഉൾപ്പെടുത്തിയുള്ള ആരോഗ്യകരമായ രീതികൾ വേണം പിന്തുടരാൻ.
പ്രതിരോധിക്കാനുള്ള വഴികൾ:
- കലോറി പൂർണ്ണമായി ഒഴിവാക്കരുത്: ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കാൻ കുറഞ്ഞ അളവിലെങ്കിലും കലോറി അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തണം.
- പോഷകസമ്പന്നമായ ഭക്ഷണം: ശരീരത്തിനാവശ്യമായ വിറ്റാമിനുകളും മിനറലുകളും ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- ക്രാഷ് ഡയറ്റുകൾ ഒഴിവാക്കുക: ദീർഘകാല ആരോഗ്യപ്രശ്നങ്ങളും പാർശ്വഫലങ്ങളും ഉണ്ടാക്കുന്ന പെട്ടെന്നുള്ള ഡയറ്റിംഗ് രീതികൾ ഉപേക്ഷിച്ച് പതുക്കെ ഭാരം കുറയ്ക്കുന്ന രീതി തിരഞ്ഞെടുക്കുക.