മിടുക്കരായി വളരാൻ കുട്ടികൾക്ക് നൽകാം സമീകൃതാഹാരം; ഡയറ്റിൽ ശ്രദ്ധിക്കേണ്ട 13 കാര്യങ്ങൾ

 

കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണിത്. ഈ പ്രായത്തിൽ അവർക്ക് ലഭിക്കുന്ന പോഷകങ്ങളാണ് ഭാവിയിലെ അവരുടെ ആരോഗ്യത്തിന്റെ അടിത്തറ. ചെറുപ്പത്തിൽ തന്നെ മികച്ച ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നത് വഴി കുട്ടികളിലെ പൊണ്ണത്തടി, പ്രമേഹം, ഫാറ്റിലിവർ തുടങ്ങിയ അസുഖങ്ങളെ ഒരു പരിധി വരെ തടയാനാകും. പഠിക്കുന്ന കുട്ടികൾക്ക് ഓർമ്മശക്തിയും ഉന്മേഷവും വർദ്ധിക്കാൻ സമീകൃതാഹാരം (Balanced diet) അനിവാര്യമാണ്. കുട്ടികളുടെ ഡയറ്റിൽ മാതാപിതാക്കൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 13 കാര്യങ്ങൾ താഴെ പറയുന്നവയാണ്:

1. പ്രഭാതഭക്ഷണം ഒഴിവാക്കരുത് കുട്ടികളുടെ ഒരു ദിവസത്തെ ഊർജ്ജത്തിന്റെ പ്രധാന സ്രോതസ്സ് ബ്രേക്ക്ഫാസ്റ്റാണ്. അതിനാൽ സ്കൂളിൽ പോകുന്ന കുട്ടികളുടെ പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്.

2. ധാരാളം വെള്ളം കുടിക്കണം ദിവസേന 8 മുതൽ 10 ഗ്ലാസ്സ് വരെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ചായയോ കാപ്പിയോ പാക്കറ്റ് ജ്യൂസുകളോ നൽകുന്നതിന് പകരം തിളപ്പിച്ചാറിയ വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം, സംഭാരം, കരിക്കിൻവെള്ളം എന്നിവ നൽകാം.

3. എല്ലാ ഭക്ഷണ വിഭാഗങ്ങളും ഉൾപ്പെടുത്തുക ഭക്ഷണം അമിതമായി കുത്തിനിറച്ച് നൽകാതെ, അളവ് കുറച്ച് എല്ലാ പോഷകങ്ങളും അടങ്ങിയ വിഭവങ്ങൾ നൽകുക. ഇലക്കറികൾ, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, പഴങ്ങൾ എന്നിവ ദിവസേനയുള്ള ഭക്ഷണത്തിൽ നിർബന്ധമാക്കണം.

4. പഴങ്ങൾ മുഴുവനായി നൽകാം പഴങ്ങൾ ജ്യൂസ് അടിച്ച് നൽകുന്നതിനേക്കാൾ ഗുണം ചെയ്യുക അവ മുഴുവനോടെ കഷണങ്ങളാക്കി നൽകുന്നതാണ്. ഇത് വഴി പഴങ്ങളിലെ ഫൈബർ (നാരുകൾ) പൂർണ്ണമായും കുട്ടികൾക്ക് ലഭിക്കും.

5. മാംസാഹാരം പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കുക അധികം എരിവോ മസാലയോ ചേർക്കാത്ത ചിക്കൻ, മീൻ, ബീഫ് എന്നിവ നൽകാം. എന്നാൽ ഇവ എണ്ണയിൽ പൊരിച്ചെടുക്കുന്നതിന് പകരം കറിയാക്കിയോ വീട്ടിൽ വെച്ച് ഗ്രിൽ ചെയ്തോ നൽകുന്നതാണ് ആരോഗ്യകരം.

6. സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക ഉയർന്ന അളവിൽ പ്രിസർവേറ്റീവുകൾ ചേർത്ത പാക്കറ്റ് ഭക്ഷണങ്ങൾ, ഇൻസ്റ്റന്റ് നൂഡിൽസ്, ജങ്ക് ഫുഡുകൾ എന്നിവയ്ക്ക് പകരം പ്രകൃതിദത്തവും കുറഞ്ഞ അളവിൽ സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.

7. ദിവസവും ഒരു മുട്ട കുട്ടികളുടെ പേശികളുടെ വളർച്ചയ്ക്കും തലച്ചോറിന്റെ വികാസത്തിനും ആവശ്യമായ പ്രോട്ടീനുകൾ അടങ്ങിയതിനാൽ ദിവസവും ഒരു മുട്ട കുട്ടികളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

8. സുരക്ഷിതമായ ലഞ്ച് ബോക്സുകൾ കുട്ടികൾക്ക് സ്കൂളിലേക്ക് ഭക്ഷണം കൊടുത്തുവിടാൻ സ്റ്റീൽ പാത്രങ്ങളോ ഗുണമേന്മയുള്ള ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പാത്രങ്ങളോ വാട്ടർ ബോട്ടിലുകളോ മാത്രം ഉപയോഗിക്കുക.

9. ആകർഷകമായി വിളമ്പാം ഭക്ഷണത്തോട് പൊതുവെ വിമുഖത കാണിക്കുന്ന കുട്ടികൾക്കായി വിഭവങ്ങൾ ഭംഗിയായും കളർഫുളായും ഒരുക്കി നൽകാം. ഇത് ഭക്ഷണത്തോടുള്ള അവരുടെ താല്പര്യം വർദ്ധിപ്പിക്കും.

10. ആരോഗ്യകരമായ ഇടഭക്ഷണങ്ങൾ (Snacks) സ്കൂൾ വിട്ടു വരുമ്പോഴോ ഭക്ഷണത്തിന് ഇടവേളകളിലോ ബേക്കറി പലഹാരങ്ങൾക്ക് പകരം ഓട്സ്, നിലക്കടല, എള്ളുണ്ട, നട്സ്, ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയവ ലഘുഭക്ഷണമായി നൽകാം.

11. ആവിയിൽ വേവിച്ച പലഹാരങ്ങൾ വൈകുന്നേരങ്ങളിൽ ഏത്തപ്പഴം പുഴുങ്ങിയത്, മില്ലറ്റ് (ചെറുധാന്യങ്ങൾ) കൊണ്ടുള്ള ഉപ്പുമാവ്, ചോളം പുഴുങ്ങിയത്, അട, കൊഴുക്കട്ട, വട്ടയപ്പം, മധുരക്കിഴങ്ങ് തുടങ്ങി ആവിയിൽ വേവിച്ച നാടൻ പലഹാരങ്ങൾ നൽകാൻ ശീലിക്കുക.

12. മധുരവും കാർബണേറ്റഡ് പാനീയങ്ങളും കുറയ്ക്കുക മിഠായികൾ, കേക്കുകൾ, സോഡ, മറ്റ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയുടെ അമിത ഉപയോഗം പൂർണ്ണമായും ഒഴിവാക്കണം. ഇത് കുട്ടികളിൽ അമിതവണ്ണത്തിനും പല്ല് കേടാകുന്നതിനും കാരണമാകും.

13. കുട്ടികളുടെ താല്പര്യവും നേരത്തെയുള്ള അത്താഴവും ഭക്ഷണമുണ്ടാക്കുമ്പോൾ കുട്ടികളുടെ താല്പര്യങ്ങൾ കൂടി പരിഗണിക്കുക. രാത്രി അത്താഴം എട്ട് മണിക്ക് മുൻപായി തന്നെ നൽകാൻ ശ്രദ്ധിക്കണം. ദഹിക്കാൻ ബുദ്ധിമുട്ടുള്ള കനത്ത ആഹാരങ്ങൾ രാത്രിയിൽ ഒഴിവാക്കുന്നതാണ് നല്ലത്.