അമിതവണ്ണമുള്ള കുട്ടികളിൽ ഹൈപ്പര്‍ ടെന്‍ഷന്‍ കൂടും; പ്രായമാകുമ്പോഴും തുടരുമെന്ന് പഠനം 

 

ശരാശരി ഭാരമുള്ളവരേക്കാള്‍ അമിത ഭാരമുള്ള കുട്ടികളില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ കൂടുതലായിരിക്കുമെന്ന് പഠനം. ചെറുപ്പത്തിലുണ്ടാകുന്ന ഹൈപ്പര്‍ ടെന്‍ഷന്‍ പ്രായമാകുമ്പോഴും തുടരുമെന്നും, ഹൃദയരക്തക്കുഴലുകളുടെയും അവയവങ്ങളുടെയും തകരാറിന് കാരണമാകുമെന്നും പഠനത്തിൽ പറയുന്നുണ്ട്. മൂന്നു മുതൽ പതിനേഴ് വയസ്സ് വരെയുള്ള എട്ട് ലക്ഷം കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. ചെറുപ്പത്തില്‍ത്തന്നെ ഹൈപ്പര്‍ ടെന്‍ഷന്‍ മാറ്റിയെടുക്കണമെന്നും, അതിനുവേണ്ടി കുട്ടികളിൽ ചെറിയ രീതിയിലുള്ള ഭാരക്കൂടുതല്‍ ഉണ്ടായാൽ തന്നെ പരിഹാരം തേടണമെന്നും മുഖ്യഗവേഷകനായ കൊറിന്ന കോബ്‌നിക്ക് പറഞ്ഞു. 

കുട്ടികളുടെ ബോഡി മാസ് ഇന്‍ഡക്‌സ് താരതമ്യം ചെയ്തു നടത്തിയ പഠനം 'JAMA നെറ്റവര്‍ക്ക് ഒപ്പണ്‍ ' എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ശരീരഭാരം ശരാശരിയിലും കൂടുതലുള്ള കുട്ടികളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹൈപ്പര്‍ ടെന്‍ഷനുണ്ടാകാനുള്ള സാധ്യത മറ്റുള്ള കുട്ടികളെക്കാൾ 26% കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. പ്രായം കൂടുന്നതിനനുസരിച്ച് ഒരോ യൂണിറ്റ് ബി.എം.ഐ. കൂടുമ്പോഴും ഹൈപ്പര്‍ ടെന്‍ഷനുണ്ടാവാനുള്ള സാധ്യത നാലു ശതമാനമായി വർധിക്കും. ഹൈപ്പര്‍ ടെന്‍ഷന്‍ കൂടുതലായുള്ളത് ആണ്‍കുട്ടികളിലാണെന്നും ഗവേഷകർ പറഞ്ഞു.

അമിത വണ്ണമാണ് ചെറുപ്പകാലത്തുണ്ടാകുന്ന ഹൈപ്പര്‍ ടെന്‍ഷന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ അമിതവണ്ണം മൂലം ഉണ്ടാകാൻ സാധ്യതയുള്ള രോഗാവസ്ഥകളെപ്പറ്റി മാതാപിതാക്കളിൽ അവബോധമുണ്ടാക്കണം. പീഡിയാട്രീഷനുമായി സംസാരിച്ച് എല്ലാ കാലത്തും ആരോഗ്യത്തോടെ ശരീരം സൂക്ഷിക്കാനുള്ള നിർദേശങ്ങൾ പാലിക്കുകയും വേണം.