നാല് മണിക്ക് ശേഷം കാപ്പി ഒഴിവാക്കാം
രാവിലെ എഴുന്നേൽക്കുന്നതു മുതൽ ഒരു ദിവസം എത്ര തവണ കാപ്പി അല്ലെങ്കിൽ ചായ കുടിക്കുന്നുവെന്ന് കണക്കുണ്ടോ? മടുപ്പ് തോന്നുമ്പോൾ ഓടിപ്പോയി ഒരു കാപ്പി കുടിച്ചാൽ എനർജി കിട്ടും. എന്നാൽ ഇങ്ങനെ അമിതമായി കാപ്പി അല്ലെങ്കിൽ ചായ കുടിക്കുന്നതു കൊണ്ട് ചില ആരോഗ്യപ്രശ്നങ്ങളും ഒളിഞ്ഞിരിപ്പുണ്ട്.
കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ, ചോക്ലേറ്റ് തുടങ്ങിയവയിൽ കാണപ്പെടുന്ന സ്വാഭാവിക ഘടകമാണ് കഫീൻ. ഇത് തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ഉത്തേജിപ്പിച്ച് ക്ഷീണം കുറയ്ക്കുകയും ജാഗ്രത വർധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇത്രയധികം കാപ്പി അല്ലെങ്കിൽ ചായ ഫാൻസ് കൂടാൻ കാരണം. എന്നാൽ അമിതമായാൽ അമൃതവും വിഷമാണെന്ന് പറയുന്നതു പോലെയാണ് ഇവയുടെ കാര്യവുംകഫീൻ അമിതമായാൽ..,
ഉറക്കമില്ലായ്മ
ഇന്ന് ചെറുപ്പക്കാർക്കിടയിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന ഉറക്കമില്ലായ്മയുടെ തീവ്രത കൂട്ടാൻ കഫീൻ ഒരു പ്രധാന കാരണമാണ്. വൈകുന്നേരങ്ങളിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതിലൂടെ ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നു. കഫീൻ തലച്ചോറിലെ ഉറക്കം പ്രോത്സാഹിപ്പിക്കുന്ന അഡീനോസിൻ എന്ന രാസവസ്തുവിന്റെ പ്രവർത്തനം തടസപ്പെടുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്.
ഹൃദയമിടിപ്പ് കൂടുക
കഫീൻ ഹൃദയമിടിപ്പ് താൽക്കാലികമായി ഉയർത്താം. ഇത് അസ്വസ്ഥത ഉണ്ടാക്കും. പ്രത്യേകിച്ച്, ഹൃദയസംബന്ധമായ അസുഖമുള്ളവർ സൂക്ഷിക്കുക.
മാനസികാവസ്ഥയിലെ മാറ്റങ്ങൾ
അമിതമായ കഫീൻ ശരീരത്തെ ഫൈറ്റ് ഓർ ഫ്ലൈറ്റ് എന്ന പ്രതികരണത്തിലേക്ക് എത്തിക്കും. ഇത് ഉത്കണ്ഠ, അസ്വസ്ഥത, കൈ വിറയൽ, പെട്ടെന്ന് ദേഷ്യപ്പെടുക തുടങ്ങിയ പെരുമാറ്റങ്ങളുടെ തീവ്രത കൂട്ടാം.