കോർട്ടിസോൾ അത്ര ക്രൂരനല്ല; സ്ട്രെസ് ഹോർമോണിനെ ഭയക്കേണ്ടതില്ല, ശാരീരിക പ്രവർത്തനങ്ങളിൽ നിർണായകം
കോർട്ടിസോൾ എന്നാൽ ശരീരത്തിന് അപകടമുണ്ടാക്കുന്ന ഒന്നാണെന്നാണ് പൊതുവായ ധാരണ. മാനസിക സമ്മർദ്ദം വർധിപ്പിക്കുന്ന ഹോർമോൺ എന്ന നിലയിൽ ഇതിനെ 'സ്ട്രെസ് ഹോർമോൺ' എന്നാണ് വിളിക്കുന്നത്. അതിനാൽ തന്നെ ജീവിതശൈലി മാറ്റങ്ങളിലൂടെയും സപ്ലിമെന്റുകളിലൂടെയും ഈ ഹോർമോണിനെ കുറയ്ക്കാൻ പലരും കഠിനമായി ശ്രമിക്കാറുണ്ട്. എന്നാൽ കോർട്ടിസോളിനെ പൂർണ്ണമായും ഒഴിവാക്കി മനുഷ്യന് ജീവിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം.
നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനങ്ങളിൽ കോർട്ടിസോൾ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിന്റെ ഉറക്ക-ഉണർവ് ചക്രം (Sleep-Wake Cycle) ക്രമീകരിക്കുന്നത് ഈ ഹോർമോണാണ്. രാവിലെ ഉണർന്നെഴുന്നേൽക്കാൻ ആവശ്യമായ ഊർജ്ജം നൽകുന്നത് കോർട്ടിസോളാണ്. രാവിലെ ഉയർന്ന അളവിലുള്ള കോർട്ടിസോൾ പകൽ സമയങ്ങളിൽ ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുന്നു. വൈകുന്നേരം ഇതിന്റെ അളവ് ക്രമേണ കുറയുന്നതോടെയാണ് നമുക്ക് വിശ്രമകരമായ ഉറക്കം ലഭിക്കുന്നത്.
സാധാരണ ഗതിയിലുള്ള കോർട്ടിസോൾ ഏറ്റക്കുറച്ചിലുകൾ ആരോഗ്യത്തിന് ഭീഷണിയല്ല. എന്നാൽ ഹോർമോണിന്റെ അളവ് സ്ഥിരമായി ഉയർന്നു നിൽക്കുകയോ, തെറ്റായ സമയങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്. മാനസിക സമ്മർദ്ദം ജീവിതത്തിന്റെ ഭാഗമാണെങ്കിലും, അത് ആരോഗ്യകരമായി കൈകാര്യം ചെയ്ത് കോർട്ടിസോളിന്റെ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വേണ്ടതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.