2039-ഓടെ മരണം ഇല്ലാതാകും; അമരത്വം ലക്ഷ്യമെന്ന് ബ്രയാൻ ജോൺസൺ
വാർധക്യത്തെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ശതകോടീശ്വരൻ ബ്രയാൻ ജോൺസൺ, 2039-ഓടെ മനുഷ്യൻ അമരത്വം കൈവരിക്കുമെന്ന് പ്രഖ്യാപിച്ചു. 47 വയസ്സുകാരനായ ബ്രയാൻ, കഴിഞ്ഞ ആറ് വർഷമായി പിന്തുടരുന്ന ആന്റി-ഏജിങ് ചികിത്സകളിലൂടെ തന്റെ ഹൃദയാരോഗ്യം, കരുത്ത്, ഹോർമോൺ നില എന്നിവ 18 വയസ്സുകാരന്റേതിന് തുല്യമാക്കാൻ സാധിച്ചുവെന്ന് അവകാശപ്പെടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും നൂതന തെറാപ്പികളുടെയും സഹായത്തോടെ 2039-ഓടെ മരണം എന്ന അവസ്ഥയെ മറികടക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
2019 മുതൽ 2025 വരെയുള്ള തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ്, ഒരു വർഷം കൂടി കടന്നുപോകുമ്പോഴും തന്റെ ജൈവശാസ്ത്രപരമായ പ്രായം (Biological Age) വർദ്ധിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. അമരത്വം എങ്ങനെ കൈവരിക്കാം എന്നതിൽ ഇപ്പോൾ പൂർണ്ണമായ ധാരണയില്ലെങ്കിലും, പ്രകൃതിയിൽ അത് സാധ്യമാണെന്നും സാങ്കേതിക വിദ്യയിലൂടെ മനുഷ്യരിലും ഇത് പ്രാവർത്തികമാക്കാമെന്നും അദ്ദേഹം വിശ്വസിക്കുന്നു. തന്റെ ശരീരത്തിൽ നടത്തുന്ന പരീക്ഷണങ്ങളിലൂടെ വികസിപ്പിക്കുന്ന തെറാപ്പികൾ ഭാവിയിൽ മനുഷ്യർക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുമെന്നാണ് ബ്രയാന്റെ അവകാശവാദം.
കടുത്ത ഡയറ്റ്, വ്യായാമം, ഉറക്ക രീതികൾ, സപ്ലിമെന്റുകൾ എന്നിവയ്ക്കായി ഇതുവരെ ഏകദേശം 18 കോടിയോളം രൂപയാണ് ബ്രയാൻ ചെലവഴിച്ചിരിക്കുന്നത്. ഇത്തരം പരീക്ഷണങ്ങളിലൂടെ ജൈവശാസ്ത്രപരമായ പ്രായം കുറയ്ക്കാൻ കഴിഞ്ഞെങ്കിലും, ഒരു ചെവിയിൽ കേൾവിക്കുറവും മസ്തിഷ്ക ഘടനയിൽ ചില പരിമിതികളുമുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. എങ്കിലും ശാസ്ത്രത്തിന്റെയും എഐയുടെയും വളർച്ചയിൽ വിശ്വാസമർപ്പിച്ച് മരണത്തോട് 'നോ' പറഞ്ഞ് മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.