കൊളസ്ട്രോൾ കുറയ്ക്കാൻ ഡയറ്റും മരുന്നും മാത്രം പോര; വേണം കൃത്യമായ വ്യായാമവും

 

കൊളസ്ട്രോൾ നിയന്ത്രണത്തിന് രക്തപരിശോധനയും മരുന്നുകളും ഭക്ഷണക്രമീകരണവും മാത്രം പോരാ, കൃത്യമായ വ്യായാമവും അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധർ. എൽ.ഡി.എൽ (ചീത്ത കൊളസ്ട്രോൾ), ട്രൈഗ്ലിസറൈഡ് എന്നിവ കുറയ്ക്കാനും എച്ച്.ഡി.എൽ (നല്ല കൊളസ്ട്രോൾ) വർധിപ്പിക്കാനും ശാരീരിക അധ്വാനം വലിയ പങ്ക് വഹിക്കുന്നു.

ദിവസവും മണിക്കൂറുകളോളം ജിമ്മിൽ ചെലവഴിക്കേണ്ടതില്ല; മിതമായതും സ്ഥിരവുമായ വ്യായാമങ്ങൾ വഴി തന്നെ കൊളസ്ട്രോളും രക്തസമ്മർദ്ദവും അമിതവണ്ണവും നിയന്ത്രിക്കാം.

പ്രധാന വ്യായാമങ്ങൾ:

  • വേഗത്തിലുള്ള നടത്തം: ദിവസവും 30-45 മിനിറ്റ് വീതം ആഴ്ചയിൽ 5 ദിവസമെങ്കിലും നടക്കുക.
  • സൈക്ലിങ് & നീന്തൽ: കാലുകളുടെ പേശികൾക്ക് കരുത്ത് പകരണവും സന്ധിവേദനയുള്ളവർക്ക് നീന്തൽ കൂടുതൽ സുരക്ഷിതവുമാണ്.
  • മറ്റ് മാർഗങ്ങൾ: ജോഗിങ്, യോഗ, സ്ട്രെങ്ത്തനിങ് ട്രെയ്നിങ്, ലിഫ്റ്റിന് പകരം പടികൾ കയറുന്നത്, സുംബ, വീട്ടുജോലികൾ എന്നിവയും ശരീരത്തിന് ആവശ്യമായ ഊർജ വിനിയോഗം നൽകും.

ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമമോ 75 മിനിറ്റ് കഠിനമായ വ്യായാമമോ ശീലമാക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

മറ്റ് അസുഖങ്ങളുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വ്യായാമം തുടങ്ങുക. വ്യായാമത്തിന് മുമ്പ് 5-10 മിനിറ്റ് വാം-അപ്പ് ചെയ്യാനും ശേഷം കൂൾ-ഡൗൺ ചെയ്യാനും മറക്കരുത്. നെഞ്ചുവേദനയോ ശ്വാസതടസ്സമോ അനുഭവപ്പെട്ടാൽ ഉടൻ നിർത്തി ഡോക്ടറെ കാണണം. പുകവലിയും മദ്യപാനവും പൂർണമായി ഒഴിവാക്കുകയും ധാരാളം വെള്ളം കുടിക്കുകയും 7-8 മണിക്കൂർ ഉറക്കം ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.