ഇരുട്ടിലെ കുളി ഉറക്കം കൂട്ടുമോ? സോഷ്യൽ മീഡിയയിൽ വൈറലായി 'ഡാർക്ക് ഷവറിംഗ്' ടെക്നിക്

 

ഉറക്കപ്രശ്നങ്ങൾ നേരിടുന്നവർക്കിടയിൽ പുതിയൊരു സ്ലീപ്പിംഗ് ടെക്നിക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. 'ഡാർക്ക് ഷവറിംഗ്' (Dark Showering) എന്ന് വിളിക്കപ്പെടുന്ന ഈ രീതി, മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുമെന്നാണ് ഇത് പരീക്ഷിച്ചവർ അവകാശപ്പെടുന്നത്. ബാത്ത്‌റൂമിലെ കടുപ്പമേറിയ വെളിച്ചത്തിന് പകരം മങ്ങിയ വെളിച്ചത്തിലോ ഇരുട്ടിലോ കുളിക്കുന്ന രീതിയാണിത്.

ബാത്ത്‌റൂമിലെ പ്രധാന ലൈറ്റുകൾ ഒഴിവാക്കി ചെറിയ നൈറ്റ് ലൈറ്റുകളോ, മെഴുകുതിരി വെളിച്ചമോ അല്ലെങ്കിൽ മങ്ങിയ ആംബർ ലൈറ്റുകളോ ഉപയോഗിച്ച് കുളിക്കുന്നതിനെയാണ് ഡാർക്ക് ഷവറിംഗ് എന്ന് പറയുന്നത്. രാത്രി ഉറങ്ങുന്നതിന് മുൻപ് ഇത്തരത്തിൽ കുളിക്കുന്നത് മനസ്സ് ശാന്തമാക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുമെന്ന് ഈ ട്രെൻഡ് പിന്തുടരുന്നവർ പറയുന്നു.

വെളിച്ചം കുറയുന്നത് ശരീരത്തിലെ ഉറക്ക ഹോർമോണായ മെലറ്റോണിന്റെ ഉൽപ്പാദനത്തെ ഉത്തേജിപ്പിക്കുകയും തലച്ചോറിനെ ഉറക്കത്തിനായി സജ്ജമാക്കുകയും ചെയ്യുന്നു. രാത്രിയിൽ കുളിക്കുന്നത് ശരീരതാപനില ക്രമീകരിക്കാൻ സഹായിക്കുന്നതിനാൽ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടും. ഇളംചൂടുവെള്ളത്തിൽ ഇരുണ്ട വെളിച്ചത്തിൽ കുളിക്കുന്നത് പേശികൾക്ക് ആശ്വാസം നൽകാനും പകൽസമയത്തെ മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

ഡാർക്ക് ഷവറിംഗിനെക്കുറിച്ച് നിലവിൽ പ്രത്യേക ക്ലിനിക്കൽ ഗവേഷണങ്ങൾ നടന്നിട്ടില്ലെങ്കിലും, ഉറക്കത്തിന് മുൻപ് വെളിച്ചം കുറയ്ക്കണമെന്ന ശാസ്ത്രീയ തത്വത്തെ ഇത് പിന്തുണയ്ക്കുന്നുണ്ട്.