കട്ടൻ കാപ്പി കുടിച്ചാൽ ഓർമശക്തി കൂടും; തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചതെന്ന് പഠനങ്ങൾ
ദിനചര്യയുടെ ഭാഗമായി രാവിലെ ഒരു കട്ടൻ കാപ്പി കുടിക്കുന്നത് ഉന്മേഷത്തിന് മാത്രമല്ല, തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. കട്ടൻ കാപ്പിയിലെ കഫീൻ തലച്ചോറിലെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന പ്രകൃതിദത്ത ഉത്തേജകമായി പ്രവർത്തിക്കുന്നു.
ശരീരത്തിൽ ക്ഷീണം ഉണ്ടാക്കുന്ന 'അഡിനോസിൻ' എന്ന രാസവസ്തുവിന്റെ പ്രവർത്തനത്തെ തടയാൻ കഫീന് സാധിക്കും. മിതമായ അളവിൽ ഉപയോഗിക്കുമ്പോൾ ഇത് ഓർമ്മശക്തി, ശ്രദ്ധ, ഏകാഗ്രത എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കാപ്പിയിലുള്ള ക്ലോറോജെനിക് ആസിഡ് പോലെയുള്ള പോളിഫിനോളുകൾ കോശങ്ങൾക്ക് സംരക്ഷണം നൽകുകയും, ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിച്ച് മനസ്സിന് സന്തോഷം നൽകുകയും ചെയ്യുന്നു.
പഞ്ചസാര ചേർക്കാതെ കുടിക്കുന്നതാണ് ഏറ്റവും ഗുണകരമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. ആവശ്യമാണെങ്കിൽ മധുരത്തിന് പകരം അല്പം കറുവപ്പട്ട പൊടി ഉപയോഗിക്കാം. പ്രതിദിനം 400 മില്ലിഗ്രാം വരെ കഫീൻ (3-4 കപ്പ് കട്ടൻ കാപ്പി) സുരക്ഷിതമാണ്. രാവിലെ, ജോലിക്ക് മുൻപ്, വ്യായാമത്തിന് അരമണിക്കൂർ മുൻപ് എന്നിവ കാപ്പി കുടിക്കാൻ അനുയോജ്യമായ സമയങ്ങളാണ്. എന്നാൽ ഉറക്കത്തെ ബാധിക്കാതിരിക്കാൻ രാത്രിയിലോ വൈകുന്നേരങ്ങളിലോ കട്ടൻ കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്.