ദിവസവും കാപ്പി കുടിച്ചാൽ കരൾ കാൻസർ സാധ്യത കുറയുമെന്ന് പഠനം; കൂടുതൽ ഉത്തമം ബ്ലാക്ക് കോഫി
ദിവസവും പാലും പഞ്ചസാരയും ചേർക്കാത്ത കാപ്പി (ബ്ലാക്ക് കോഫി) കുടിക്കുന്നത് കരൾ അർബുദ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. പതിവായി രണ്ട് കപ്പ് കാപ്പി വീതം കുടിക്കുന്നവരിൽ കരളിനെ ബാധിക്കുന്ന ‘ഹെപ്പറ്റോസെല്ലുലാർ കാർസിനോമ’യ്ക്കുള്ള സാധ്യത 35 ശതമാനം വരെ കുറയുമെന്നാണ് മെറ്റാ അനാലിസിസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മദ്യപാനം, ഹെപ്പറ്റൈറ്റിസ് അണുബാധ, ശരീരഭാരം (BMI) തുടങ്ങിയ ഘടകങ്ങൾ നിലനിൽക്കുമ്പോൾ തന്നെ കാപ്പിയുടെ ഈ ഗുണം ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
കരളിനെ കാക്കും കാപ്പി:
കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോളുകൾ, ഡൈറ്റെർപീനുകൾ എന്നിവയുൾപ്പെടെയുള്ള ആയിരത്തിലധികം സജീവ സംയുക്തങ്ങളാണ് കരളിന് സംരക്ഷണമൊരുക്കുന്നത്. ഇവ ശരീരത്തിലുണ്ടാകുന്ന വീക്കം (ഇൻഫ്ലമേഷൻ) കുറയ്ക്കുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദം തടയുകയും ചെയ്യുന്നു. ഇത് കരൾ കോശങ്ങൾ നശിക്കുന്ന ഫൈബ്രോസിസ്, സിറോസിസ് തുടങ്ങിയ രോഗങ്ങളിലേക്ക് വഴിമാറുന്നത് തടയും. ഫാറ്റി ലിവർ ഉള്ളവർക്കും വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ചവർക്കും പതിവായുള്ള കാപ്പി കുടി ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ഉപയോഗം മിതമായ അളവിൽ:
ആരോഗ്യഗുണങ്ങളുണ്ടെങ്കിലും പ്രതിദിനം രണ്ട് മുതൽ നാല് കപ്പ് വരെ കാപ്പി കുടിക്കുന്നതാണ് ഏറ്റവും അനുയോജ്യം. കാപ്പിയുടെ അളവ് കൂടിയാൽ ഉറക്കമില്ലായ്മ, അസിഡിറ്റി, നെഞ്ചിടിപ്പ് എന്നിവയ്ക്ക് കാരണമായേക്കാം. അതേസമയം, കാപ്പി കുടിക്കുന്നതുകൊണ്ട് മാത്രം കരൾ രോഗങ്ങളെ പൂർണ്ണമായി തടയാനാകില്ല. ആരോഗ്യകരമായ ഭക്ഷണരീതി, ഭാര നിയന്ത്രണം, മദ്യപാനവും പുകവലിയും ഒഴിവാക്കൽ എന്നിവയും കൃത്യമായ ഇടവേളകളിലുള്ള കരൾ പരിശോധനയും ആരോഗ്യസംരക്ഷണത്തിന് അനിവാര്യമാണ്.