ഗർഭാശയഗള കാൻസറിനെതിരെ പോരാട്ടം; 14 വയസുള്ള പെൺകുട്ടികൾക്ക് നാളെ മുതൽ എച്ച്പിവി വാക്സിൻ

 

സംസ്ഥാനത്തെ 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കുമായുള്ള എച്ച്പിവി (HPV) വാക്സിനേഷൻ യജ്ഞം ഫെബ്രുവരി 28-ന് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. മേയർ വി.വി. രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ദേശീയ വാക്സിനേഷൻ ക്യാമ്പയിനിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ 14 വയസുള്ള പെൺകുട്ടികൾക്ക് മൂന്ന് മാസത്തിനകം ഒറ്റ ഡോസ് വാക്സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഈ സേവനം സൗജന്യമായി ലഭ്യമാണ്. സ്വകാര്യ ആശുപത്രികളിൽ ഏകദേശം 4,000 രൂപയോളം വിലവരുന്ന ഈ വാക്സിൻ, ഗർഭാശയഗള കാൻസർ തടയുന്നതിൽ 90 ശതമാനത്തിലധികം ഫലപ്രദമാണ്.

രജിസ്‌ട്രേഷൻ എങ്ങനെ?

14 വയസുള്ള പെൺകുട്ടികൾക്ക് എച്ച്.പി.വി വാക്സിൻ ലഭിക്കുന്നതിന് U-WIN പോർട്ടലിൽ (uwin.mohfw.gov.in) മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ നേരിട്ട് ആരോഗ്യ കേന്ദ്രങ്ങളിലെത്തിയും വാക്സിൻ സ്വീകരിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ആശാ പ്രവർത്തകരെയോ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ സമീപിക്കാവുന്നതാണ്.

സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ രണ്ടാം സ്ഥാനത്തുള്ള ഗർഭാശയഗള കാൻസർ പ്രധാനമായും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) മൂലമാണ് ഉണ്ടാകുന്നത്. കൃത്യസമയത്തുള്ള വാക്സിനേഷനിലൂടെ ഈ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' ക്യാമ്പയിന്റെ ഭാഗമായാണ് സംസ്ഥാനം ഈ വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.