പരിപ്പിന് മുകളിൽ നെയ്യ്; സദ്യയിലെ ഈ കൂട്ടുകെട്ടിന്റെ ആരോഗ്യഗുണങ്ങൾ
Aug 25, 2026, 17:20 IST
വാഴയിലയിൽ ചോറിന് മുകളിൽ പരിപ്പും നെയ്യും ചേർത്തു കഴിച്ചാണ് പരമ്പരാഗതമായി മലയാളികൾ സദ്യ ആരംഭിക്കുന്നത്. രുചിക്കപ്പുറം പോഷകങ്ങളുടെ ആഗിരണത്തിനും ദഹനത്തിനും സഹായിക്കുന്ന നിരവധി ആരോഗ്യഗുണങ്ങൾ ഈ കൂട്ടുകെട്ടിനുണ്ട്.
- പോഷക സമൃദ്ധി: പ്രോട്ടീന്റെ പ്രധാന ഉറവിടമാണ് പരിപ്പ്. പരിപ്പ് വേവിക്കുമ്പോൾ ചേർക്കുന്ന മഞ്ഞളിലെ കുർകുമിൻ (Curcumin) എന്ന ഘടകം ശരീരത്തിന് ആവശ്യമായ ആന്റി-ഓക്സിഡന്റുകൾ പ്രധാനം ചെയ്യുന്നു.
- പോഷകങ്ങളുടെ ആഗിരണം: ഭക്ഷണത്തിലൂടെ എത്തുന്ന വിറ്റാമിനുകളും ആന്റി-ഓക്സിഡന്റുകളും ശരീരത്തിന് ശരിയായ രീതിയിൽ ആഗിരണം ചെയ്യാൻ കൊഴുപ്പ് ആവശ്യമാണ്. പരിപ്പിനൊപ്പം ചേർക്കുന്ന നെയ്യ് ഈ കൊഴുപ്പ് ലഭ്യമാക്കുകയും സദ്യയിലെ മറ്റ് പോഷകങ്ങൾ പൂർണമായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു.
- ദഹനാരോഗ്യവും വിശപ്പ് നിയന്ത്രണവും: പരിപ്പിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബർ കുടലിന്റെ ആരോഗ്യത്തിനും മലബന്ധം തടയുന്നതിനും നല്ലതാണ്. പ്രോട്ടീനും ഫൈബറും അടങ്ങിയതിനാൽ പെട്ടെന്ന് വിശക്കുന്നത് തടയാനും അമിതാഹാരം ഒഴിവാക്കാനും ഇത് സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യം: നെയ്യ് അമിതമായി ഉപയോഗിക്കുന്നത് കലോറിയും സാച്ചുറേറ്റഡ് കൊഴുപ്പും വർധിപ്പിക്കും. അതിനാൽ മിതമായ അളവിൽ മാത്രം നെയ്യ് ചേർക്കുന്നതാണ് ആരോഗ്യകരം.