ജോലിത്തിരക്കിലും ആരോഗ്യമാണ് വലുത്; ജോലിസ്ഥലത്ത് ഒപ്പം കൂട്ടേണ്ട ചില സ്മാർട്ട് ശീലങ്ങൾ
Nov 17, 2026, 19:44 IST
ഓഫീസിലെ തിരക്കുകൾക്കിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ സമയം കണ്ടെത്താനാവാതെ വിഷമിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ആധുനിക ജോലി സാഹചര്യങ്ങളിൽ ആരോഗ്യവും ജോലിയും ഒരുപോലെ കൊണ്ടുപോവുക എന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ല. കൃത്യമായ പ്ലാനിങ്ങിലൂടെയും ചെറിയ ചില ശീലങ്ങളിലൂടെയും ഇവ രണ്ടും മികച്ച രീതിയിൽ ബാലൻസ് ചെയ്യാൻ സാധിക്കും. ജോലിയോടൊപ്പം വ്യായാമം, ഭക്ഷണം, വിശ്രമം എന്നിവയ്ക്കായി അൽപ്പം സമയം മാറ്റിവെക്കുന്നതിലൂടെ ജോലിയുടെ ഉൽപ്പാദനക്ഷമത കൂട്ടാനും അവസാന നിമിഷങ്ങളിലെ മാനസിക സമ്മർദം ഒഴിവാക്കാനും സാധിക്കും.
- വെള്ളം കുടിക്കുന്നത് മുടക്കരുത്: ജോലിക്കിടെ വെള്ളം കുടിക്കാൻ മറക്കുന്നത് ആരോഗ്യത്തെ ദീർഘകാലം ദോഷകരമായി ബാധിക്കും. അതിനാൽ ഡെസ്കിൽ എപ്പോഴും ഒരു കുപ്പി വെള്ളം കരുതുക. ഇത് ഇടയ്ക്കിടെ വെള്ളം കുടിക്കാൻ ഓർമ്മപ്പെടുത്തും. ഫോൺ റിമൈൻഡറുകൾ അല്ലെങ്കിൽ വാട്ടർ ട്രാക്കിങ് ആപ്പുകൾ ഉപയോഗിച്ച് ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം.
- ഉറക്കത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ട: നല്ല ആരോഗ്യത്തിന് കൃത്യമായ ഉറക്കം അത്യാവശ്യമാണ്. ദിവസവും 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കുക. ഇത് ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നതിനോടൊപ്പം മൊത്തത്തിലുള്ള ആരോഗ്യത്തെയും മാനസികാവസ്ഥയെയും മെച്ചപ്പെടുത്തും.
- ഭക്ഷണകാര്യത്തിൽ സ്മാർട്ടാകാം: ജോലിത്തിരക്കിനിടയിൽ ഓരോ ദിവസവും പാചകം ചെയ്യാൻ സമയം കണ്ടെത്തുക പലർക്കും ബുദ്ധിമുട്ടാണ്. എന്നാൽ പോഷകാഹാരത്തിന്റെ കാര്യത്തിൽ ഒരു കാരണവശാലും വീഴ്ച വരുത്തരുത്. ഡ്രൈ ഫ്രൂട്സ്, നട്സ്, യോഗർട്ട്, ഫ്രഷ് ഫ്രൂട്ട്സ് തുടങ്ങിയ പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങൾ കയ്യിൽ കരുതുന്നത് അനാരോഗ്യകരമായ ഭക്ഷണരീതികൾ ഒഴിവാക്കാൻ സഹായിക്കും.
- വ്യായാമത്തിനായി അല്പം സമയം: വ്യായാമത്തിന് സമയമില്ലെന്നാണ് പലരുടെയും പ്രധാന പരാതി. എന്നാൽ 15 മുതൽ 20 മിനിറ്റ് വരെ മാത്രം ദൈർഘ്യമുള്ള ഹൈ-ഇൻ്റൻസിറ്റി ഇൻ്റർവെൽ ട്രെയിനിങ് (HIIT) വർക്കൗട്ടുകൾ ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്. ഇതുകൂടാതെ, ലിഫ്റ്റിന് പകരം സ്റ്റെപ്പുകൾ കയറുന്നതും ഫോണിൽ സംസാരിച്ചുകൊണ്ട് മുറിക്കുള്ളിൽ നടക്കുന്നതുമൊക്കെ നിങ്ങളുടെ ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കും.
- മാനസിക സമ്മർദം ലഘൂകരിക്കാം: തിരക്കുപിടിച്ച ജോലിസ്ഥലത്ത് ഒഴിവാക്കാനാകാത്ത ഒന്നാണ് മാനസിക സമ്മർദം. ഇതിനെ മറികടക്കാൻ ശ്വസനവ്യായാമങ്ങൾ (Breathing exercises), ധ്യാനം, മൈൻഡ്ഫുൾനെസ് എന്നിവ ശീലമാക്കാം. രാവിലെയും ഉച്ചയ്ക്കുമുള്ള അഞ്ച് മിനിറ്റ് ഇടവേളകളിൽ പോലും ഇത് പരിശീലിക്കാവുന്നതാണ്. ഗൈഡഡ് മെഡിറ്റേഷൻ ആപ്പുകളുടെ സഹായത്തോടെ ജോലിക്കിടെയിലെ സമ്മർദം നിയന്ത്രിക്കാനും ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും.