കുട്ടികൾക്കിടയിൽ ഉയർന്ന രക്തസമ്മർദം കൂടുന്നു; വില്ലൻ ഭക്ഷണരീതിയും ജീവിതശൈലിയും

 

മുതിർന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ഉയർന്ന രക്തസമ്മർദം (High Blood Pressure) ഇന്ന് കുട്ടികൾക്കിടയിലും ഗൗരവകരമായ ആരോഗ്യപ്രശ്നമായി മാറുകയാണ്. 40 വയസ്സിന് താഴെയുള്ളവരിൽ 20 ശതമാനത്തിലധികം പേർക്ക് ഈ അവസ്ഥയുണ്ടെന്ന് ഐ.സി.എം.ആർ പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ യുകെയിലെ കുട്ടികൾക്കിടയിലും രക്തസമ്മർദം വർധിക്കുന്നതായി പുതിയ സർവെ റിപ്പോർട്ടുകൾ പുറത്തുവന്നു. പൊണ്ണത്തടി, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ എന്നിവയാണ് ഈ വർധനവിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സംസ്കരിച്ച ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതാണ് ഈ പ്രവണതയുടെ പ്രധാന വില്ലൻ. ഉയർന്ന അളവിൽ ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കുട്ടികളുടെ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നു. 2010 മുതൽ 2020 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശാരീരിക പ്രവർത്തനങ്ങളുടെ കുറവും ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവും കുട്ടികളിലെ രക്തക്കുഴലുകളുടെ ആരോഗ്യത്തെ തകർക്കുന്നു.

കുട്ടികളിൽ കാണുന്ന ലക്ഷണങ്ങൾ പലപ്പോഴും മാതാപിതാക്കൾ തിരിച്ചറിയാതെ പോകുന്നത് വലിയ വെല്ലുവിളിയാണ്. ഉണർന്നെഴുന്നേൽക്കുമ്പോഴോ കഠിനമായ ജോലികൾക്ക് ശേഷമോ ഉണ്ടാകുന്ന തലവേദന, മതിയായ വിശ്രമം ലഭിച്ചിട്ടും മാറാത്ത ക്ഷീണം, പകൽസമയത്തെ ഉറക്കം തൂങ്ങൽ എന്നിവ ഗൗരവമായി കാണണം. കാരണങ്ങളില്ലാതെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടാകുക, തലകറക്കം, ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട്, വിശ്രമിക്കുമ്പോൾ നെഞ്ചിൽ മുറുക്കം അനുഭവപ്പെടുക എന്നിവയും ഉയർന്ന രക്തസമ്മർദത്തിന്റെ ലക്ഷണങ്ങളാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.

ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഈ ഭീഷണി തടയാനാകും. കുട്ടികളുടെ ദിവസേനയുള്ള ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് രണ്ട് ഗ്രാമിൽ കൂടാതെ ശ്രദ്ധിക്കണം. മധുരം അമിതമായി അടങ്ങിയ ശീതളപാനീയങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. ദിവസവും കുറഞ്ഞത് ഒരു മണിക്കൂർ വ്യായാമം ചെയ്യുന്നത് നിർബന്ധമാക്കണം. അമിതവണ്ണമുള്ള കുട്ടികളിൽ ശരീരഭാരം അഞ്ച് ശതമാനം കുറയ്ക്കുന്നത് പോലും രക്തസമ്മർദം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.