ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാം; ഡയറ്റിൽ പതിവാക്കേണ്ട 4 പ്രധാന ഭക്ഷണങ്ങൾ
ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും കാരണം ചെറുപ്പക്കാരിൽ പോലും കൊളസ്ട്രോൾ അളവ് വർധിച്ചുവരുന്നത് സാധാരണയായി മാറിയിരിക്കുകയാണ്. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കുന്ന എൽ.ഡി.എൽ (ചീത്ത കൊളസ്ട്രോൾ) നിയന്ത്രണവിധേയമാക്കാൻ ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കുന്നതോടൊപ്പം ദിനചര്യയിലും ഭക്ഷണക്രമത്തിലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിന് ആവശ്യമായ എച്ച്.ഡി.എൽ (നല്ല കൊളസ്ട്രോൾ) വർധിപ്പിക്കാനും പ്രതിദിന ഡയറ്റിൽ ഉൾപ്പെടുത്താവുന്ന നാല് പ്രധാന ഭക്ഷണങ്ങൾ ഇവയാണ്:
- ബെറിപ്പഴങ്ങൾ: ആന്തോസയാനിനുകൾ തുടങ്ങിയ പോളിഫെനോളുകൾ അടങ്ങിയ ബെറിപ്പഴങ്ങൾ രക്തധമനികളെ സംരക്ഷിക്കുകയും ചീത്ത കൊളസ്ട്രോൾ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.
- വിത്തുകളും നട്സും: ബദാം, വാൾണട്ട്, ഫ്ലാക്സ് സീഡുകൾ എന്നിവ ശരീരത്തിൽ നല്ല കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാനും കുടലിന്റെയും കരളിന്റെയും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- പയറുവർഗങ്ങൾ: നാരുകളും സസ്യ പ്രോട്ടീനും ധാരാളമുള്ള പയറുവർഗങ്ങൾ കരളിലെ കൊളസ്ട്രോൾ സിന്തസിസ് കുറയ്ക്കുകയും എൽ.ഡി.എൽ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.
- ഓട്സ്: ഓട്സിലടങ്ങിയിരിക്കുന്ന പ്രീബയോട്ടിക് ഫൈബറായ ബീറ്റാ-ഗ്ലൂക്കൻ രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്.
ഒഴിവാക്കേണ്ട ഭക്ഷണങ്ങളും ജീവിതശൈലിയും: ബർഗർ, പിസ പോലുള്ള ഫാസ്റ്റ് ഫുഡുകൾ, ബേക്കറി പലഹാരങ്ങൾ, റെഡ് മീറ്റ് (ബീഫ്, മട്ടൺ), സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണം. കൂടാതെ ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക, ശരീരഭാരം നിയന്ത്രിക്കുക, കൃത്യമായ ഉറക്കവും മാനസികസമ്മർദ്ദം കുറയ്ക്കാനുള്ള മാർഗ്ഗങ്ങളും സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്.