ചിക്കൻ എത്ര ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം? അറിയേണ്ട കാര്യങ്ങൾ

 

ചിക്കൻ ഒട്ടുമിക്ക ആളുകളുടെയും ഇഷ്ട ഭക്ഷണമാണ്.ചിക്കൻ ഇല്ലാത്തൊരു ഉച്ചഭക്ഷണമോ ഞായറാഴ്ചയോ പലർക്കും ചിന്തിക്കാനാകില്ല. സമയം ലാഭിക്കാനും ഓഫറുകൾ പ്രയോജനപ്പെടുത്താനുമായി പലരും ചിക്കൻ ബൾക്കായി വാങ്ങി ഫ്രിജിലോ ഫ്രീസറിലോ സൂക്ഷിക്കുന്ന പതിവുമുണ്ട്. എന്നാൽ പാകം ചെയ്യാത്ത ചിക്കൻ എത്ര ദിവസം വരെ സുരക്ഷിതമായി സൂക്ഷിക്കാമെന്ന കാര്യത്തിൽ പലർക്കും വ്യക്തതയില്ല.

ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ചിക്കനിൽ ബാക്ടീരിയ വളരാനും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാനും സാധ്യതയുണ്ട്. അതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

സാധാരണ പാചകം ചെയ്യാത്ത ചിക്കൻ ഫ്രിജിലെ ചില്ലർ വിഭാഗത്തിൽ, ഏകദേശം നാല് ഡിഗ്രി സെൽഷ്യസോ അതിൽ താഴെയോ ഉള്ള താപനിലയിൽ പാകം ചെയ്യാത്ത ചിക്കൻ ഒന്ന് മുതൽ രണ്ട് ദിവസം വരെ മാത്രമാണ് സുരക്ഷിതമായി സൂക്ഷിക്കാൻ ശുപാർശ ചെയ്യുന്നത്. കൂടുതൽ ദിവസത്തേക്ക് ഉപയോഗിക്കാനാണെങ്കിൽ വാങ്ങിയ ഉടൻ തന്നെ ഫ്രീസറിൽ മാറ്റുന്നതാണ് നല്ലത്.

മൈനസ് 18 ഡിഗ്രി സെൽഷ്യസോ അതിൽ താഴെയോ ഉള്ള ഫ്രീസറിൽ ചിക്കൻ മാസങ്ങളോളം സൂക്ഷിക്കാം. മുഴുവൻ കോഴി ഏകദേശം ഒരു വർഷം വരെയും, കഷണങ്ങളാക്കിയ ചിക്കൻ ഒൻപത് മാസം വരെയും, കീമയാക്കിയ ചിക്കൻ മൂന്ന് മുതൽ നാല് മാസം വരെയും മികച്ച ഗുണനിലവാരത്തോടെ നിലനിൽക്കും.

ചിക്കൻ സൂക്ഷിക്കുമ്പോൾ വായു കയറാത്ത ഫുഡ് ഗ്രേഡ് കണ്ടെയ്നറിലോ ഫ്രീസർ ബാഗിലോ അടച്ചുവയ്ക്കണം. വാങ്ങിയ തീയതിയും സൂക്ഷിച്ച തീയതിയും രേഖപ്പെടുത്തുന്നത് നല്ല ശീലമാണ്. ചിക്കനിൽ നിന്നുള്ള നീര് മറ്റ് ഭക്ഷണങ്ങളിലേക്ക് പകരാതിരിക്കാൻ ഫ്രിജിന്റെ താഴത്തെ ഷെൽഫിൽ സൂക്ഷിക്കുന്നതാണ് ഉചിതം.

ഫ്രീസറിൽ നിന്ന് എടുത്ത ചിക്കൻ അടുക്കള മേശപ്പുറത്ത് മണിക്കൂറുകളോളം വച്ച് ഉരുക്കരുത്. ഫ്രിജിനുള്ളിൽ വച്ച് ഐസ് ഉരുക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം. തണുത്ത വെള്ളത്തിൽ അടച്ച പാക്കറ്റോടെ ഉരുക്കുകയോ മൈക്രോവേവിലെ ഡിഫ്രോസ്റ്റ് സംവിധാനം ഉപയോഗിക്കുകയോ ചെയ്യാം. ഉരുക്കിയ ചിക്കൻ വീണ്ടും ഫ്രീസറിൽ വയ്ക്കുന്നത് ഒഴിവാക്കണം.

ചിക്കനിൽ അസാധാരണമായ ദുർഗന്ധം, ഒട്ടിപ്പിടിക്കുന്ന സ്വഭാവം, നിറവ്യത്യാസം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉപയോഗിക്കരുത്. പാകം ചെയ്യുമ്പോൾ ചിക്കന്റെ ഉൾഭാഗം നന്നായി വെന്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

ശരിയായ താപനിലയിൽ സൂക്ഷിക്കുകയും ശുചിത്വത്തോടെ കൈകാര്യം ചെയ്യുകയും ചെയ്താൽ മാത്രമേ ചിക്കൻ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയൂ. അതിനാൽ ബൾക്കായി വാങ്ങുമ്പോൾ ചെറിയ പാക്കറ്റുകളാക്കി ഫ്രീസറിൽ സൂക്ഷിക്കുകയും ആവശ്യത്തിന് മാത്രം പുറത്തെടുത്ത് ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഏറ്റവും മികച്ച രീതി.