ചായ കൂടുതൽ തിളപ്പിച്ചാൽ ഗുണം കൂടുമോ? അമിതമായി തിളപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

 

ചായയ്ക്ക് നല്ല കടുപ്പം കിട്ടാനായി പാത്രത്തിൽ വെച്ച് അമിതമായി തിളപ്പിക്കുന്ന ശീലം ഭൂരിഭാഗം പേർക്കുമുണ്ട്. എന്നാൽ, ചായ കൂടുതൽ നേരം തിളപ്പിക്കുന്നത് ഗുണത്തേക്കാളേറെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമിതമായി തിളപ്പിക്കുന്നത് ചായയുടെ രുചി നശിപ്പിക്കുമെന്ന് മാത്രമല്ല, അസിഡിറ്റിക്കും കാൻസറിന് വരെ കാരണമായേക്കാവുന്ന വിഷസംയുക്തങ്ങൾ രൂപപ്പെടുന്നതിനും വഴിവെക്കും.

ചായ തിളപ്പിക്കാൻ തുടങ്ങി ആദ്യ 5 മിനിറ്റിൽ തന്നെ തേയിലയുടെ പൂർണ കടുപ്പവും ഗുണങ്ങളും വെള്ളത്തിൽ ലയിച്ചുചേരും. അതിൽ കൂടുതൽ സമയം തിളപ്പിക്കുമ്പോൾ തേയിലയിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഓക്‌സിഡൈസ് ചെയ്യപ്പെടുകയും ചായയ്ക്ക് കയ്പ്പും പുകച്ചുവയും ഉണ്ടാകുകയും ചെയ്യും. പാലിലെ പ്രോട്ടീനുകളും തേയിലയിലെ പോളിഫെനോളുകളുമാണ് ചായയ്ക്ക് സ്വാഭാവിക മണവും രുചിയും നൽകുന്നത്. എന്നാൽ അമിതമായ ചൂടിൽ ഇവയുടെ സ്വാഭാവിക ഘടന നഷ്ടപ്പെടുന്നു.

ചായ കൂടുതൽ തിളപ്പിച്ചാലുള്ള പ്രധാന ആരോഗ്യപ്രശ്നങ്ങൾ:

  • പോഷകനാശം: പാലിലടങ്ങിയ വിറ്റാമിൻ ബി12, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ ഉയർന്ന താപനിലയിൽ പൂർണമായും നശിക്കുന്നു.
  • ദഹനക്കേടും അസിഡിറ്റിയും: പാലിലെ പ്രോട്ടീനുകളുടെ ഘടന മാറുന്നത് ദഹനക്കേടിനും അസിഡിറ്റിക്കും നെഞ്ചെരിച്ചിലിനും കാരണമാകുന്നു.
  • വിഷാംശം രൂപപ്പെടുന്നു: ഉയർന്ന താപനിലയിൽ പാലിലെ ലാക്ടോസ് പ്രോട്ടീനുമായി പ്രതിപ്രവർത്തിച്ച് ഹാനികരമായ സംയുക്തങ്ങൾ ഉണ്ടാകുന്നു.
  • കാൻസർ സാധ്യത: അമിതമായി ചൂടാക്കുന്നത് 'അക്രിലമൈഡ്' (Acrylamide) പോലുള്ള കാർസിനോജനിക് (കാൻസറിന് കാരണമാകുന്ന) സംയുക്തങ്ങൾ പുറന്തള്ളാൻ ഇടയാക്കും.

അതിനാൽ, ചായ അമിതമായി തിളപ്പിക്കാതെ മിതമായ സമയത്തിനുള്ളിൽ തയ്യാറാക്കി കുടിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.