ദീർഘകാല രോഗങ്ങൾ മുൻകൂട്ടി ചെറുക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ രാജ്യവ്യാപക പ്രചാരണം

 

ഹൃദ്രോഗം, പ്രമേഹം, ക്യാൻസർ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം രാജ്യവ്യാപക പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു.

'നിങ്ങളുടെ ആരോഗ്യം ഒരു ചുവടുവെപ്പിൽ തുടങ്ങുന്നു' എന്ന പ്രമേയത്തിൽ അവന്യൂസ് മാളിൽ ആരംഭിച്ച പ്രചാരണം വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ തുടരുകയും ഒക്ടോബർ 29-ന് മന്ത്രാലയ ആസ്ഥാനത്ത് സമാപിക്കുകയും ചെയ്യും.

പുകവലി, അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരിക അധ്വാനമില്ലായ്മ, അമിതവണ്ണം തുടങ്ങിയ പ്രവണതകൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളിൽ ധാരണയുണ്ടാക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് വകുപ്പ് ഡയറക്ടർ ഡോ. വഫ അൽ കന്ദരി വ്യക്തമാക്കി. മന്ത്രാലയത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി പതിനഞ്ചോളം വിഭാഗങ്ങളാണ് ഈ പദ്ധതിയിൽ പങ്കുചേരുന്നത്.