കർക്കടകത്തിൽ പ്രതിരോധശേഷിയേകാൻ ഔഷധഗുണമുള്ള ഉലുവക്കഞ്ഞി; എളുപ്പത്തിൽ തയ്യാറാക്കാം
Jul 18, 2026, 16:06 IST
ഔഷധഗുണങ്ങളും പോഷകങ്ങളും നിറഞ്ഞ ഉലുവക്കഞ്ഞി കർക്കടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്. മഴക്കാലത്ത് ശരീരത്തിന് പ്രതിരോധശേഷി നൽകാനും, നടുവേദനയ്ക്ക് ആശ്വാസം പകരാനും, ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ഈ കഞ്ഞി കുടിക്കുന്നത് സഹായിക്കും. പ്രഷർ കുക്കറിൽ ഇത് എളുപ്പത്തിൽ തയ്യാറാക്കാമെങ്കിലും, പരമ്പരാഗത രീതിയിൽ മൺകലത്തിൽ വേവിച്ചെടുക്കുന്ന കഞ്ഞിക്കാണ് രുചിയും ഗുണവും കൂടുതൽ.
ആവശ്യമായ ചേരുവകൾ:
- ഉണക്കലരി – 1 കപ്പ് (കഴുകി വൃത്തിയാക്കിയത്)
- ഉലുവ – 2 ടീസ്പൂൺ (കുതിർത്തത്)
- ജീരകം – 1/2 ചെറിയ സ്പൂൺ
- തേങ്ങ ചിരകിയത് – 1 മുറി തേങ്ങയുടേത്
- ചെറിയ ഉള്ളി – 10-15 എണ്ണം
- നെയ്യ് – 2-3 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം:
- ഉലുവയും അരിയും നന്നായി കഴുകി ആവശ്യത്തിന് വെള്ളത്തിൽ കുതിർക്കാൻ വെക്കുക.
- ഒരു പാത്രത്തിൽ നാല് കപ്പ് വെള്ളം ഒഴിച്ച് അരിയും ഉലുവയും ചേർത്ത് നന്നായി വേവിക്കുക.
- അരിയും ഉലുവയും നന്നായി വെന്തുവരുമ്പോൾ, ചിരകിയ തേങ്ങയും ജീരകവും കൈകൊണ്ട് നന്നായി ഞെരടി യോജിപ്പിച്ചത് ഇതിലേക്ക് ചേർത്തിളക്കുക.
- ആവശ്യത്തിന് ഉപ്പും ചേർത്ത് കഞ്ഞി നന്നായി തിളപ്പിച്ചു വാങ്ങാം.
- മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് മൂപ്പിച്ചെടുക്കുക. ഇത് തയ്യാറാക്കിവെച്ച കഞ്ഞിക്ക് മുകളിലേക്ക് ഒഴിച്ച് ചൂടോടെ കഴിക്കാവുന്നതാണ്.
കർക്കടക മാസത്തിൽ തുടർച്ചയായി 7 ദിവസമെങ്കിലും ഈ രീതിയിൽ ഉലുവക്കഞ്ഞി തയ്യാറാക്കി കുടിക്കുന്നത് ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നിലനിർത്താൻ സഹായിക്കും.