കടുത്ത പി.ടി.എസ്.ഡി രോഗികൾക്ക് എം.ഡി.എം.എ തെറാപ്പി: അനുമതി നൽകി ന്യൂസിലൻഡ്

 

കടുത്ത പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) ബാധിച്ച രോഗികൾക്ക് ചികിത്സയുടെ ഭാഗമായി എം.ഡി.എം.എ (MDMA) നിർദേശിക്കാൻ രണ്ട് സൈക്യാട്രിസ്റ്റുകൾക്ക് അനുമതി നൽകി ന്യൂസിലൻഡ്. രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ റെഗുലേറ്ററി ബോഡിയായ 'മെഡ്സേഫ്' ആണ് ഇതിന് അംഗീകാരം നൽകിയത്. ഇതോടെ ഓസ്ട്രേലിയക്ക് ശേഷം പി.ടി.എസ്.ഡി ചികിത്സയ്ക്കായി എം.ഡി.എം.എ തെറാപ്പി ഉപയോഗിക്കാൻ അനുമതി നൽകുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ന്യൂസിലൻഡ് മാറി.

രോഗികൾക്ക് മരുന്ന് വീട്ടിലേക്ക് കൊണ്ടുപോകാൻ അനുവാദമുണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അംഗീകൃത സൈക്യാട്രിസ്റ്റിന്റെ പൂർണ മേൽനോട്ടത്തിൽ, ക്ലിനിക്കൽ ക്രമീകരണങ്ങളിൽ സൈക്കോതെറാപ്പിയുമായി സംയോജിപ്പിച്ചായിരിക്കും ചികിത്സ നൽകുക. 18 വയസിന് മുകളിലുള്ളവർക്ക് മാത്രമേ ഈ ചികിത്സ ലഭ്യമാകൂ.

കടുത്ത മാനസിക ആഘാതങ്ങൾ, പേടിസ്വപ്നങ്ങൾ, ഭയം, ഉത്കണ്ഠ എന്നിവ സൃഷ്ടിക്കുന്ന രോഗാവസ്ഥയാണ് പി.ടി.എസ്.ഡി. എം.ഡി.എം.എയുടെ ഉപയോഗം തലച്ചോറിൽ ഓക്സിടോസിൻ, സെറോടോണിൻ ഹോർമോണുകളുടെ അളവ് വർധിപ്പിച്ച് ഭയവും മാനസിക സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ന്യൂസിലൻഡിന്റെ പുതിയ തീരുമാനം ഇത്തരം രോഗികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.